മറയൂർ: മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ വീട്ടിലെത്തിയ സിനിമാതാരം സുരേഷ് ഗോപി എംപി ആരാധകർക്കൊപ്പം സെൽഫി എടുത്ത് ആഹ്ലാദിക്കുന്ന വാട്സ് ആപ് പോസ്റ്റ് വിവാദമായി. അഭിമന്യുവിന്റെ വീട്ടിലെത്തിയ ശേഷം പുറത്തിറങ്ങിയ രാജ്യസഭാംഗം ആരാധകരോടൊപ്പം സെൽഫിയെടുത്തു ആഹ്ലാദിക്കുന്ന ഫോട്ടോ ബിജെപി പ്രവർത്തകർതന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ്ചെയ്തത്.
എന്നാൽ, പടം പ്രചരിച്ചതോടെ ബിജെപിക്കാരുടെ കണക്കുകൂട്ടൽ തെറ്റി, താരത്തിനെതിരേ കടുത്ത വിമർശനമുയർന്നു. മകന്റെ മരണത്തിൽ ഹൃദയം തകർന്നിരിക്കുന്നവരുടെ ഇടയിലേക്കു ചെന്ന് സെൽഫിയെടുത്ത് ആഘോഷിച്ചെന്ന ആക്ഷേപമാണ് താരത്തിനെതിരേ ഉയർന്നത്.
ഇന്നലെ രാവിലെ എട്ടോടെയാണ് സുരേഷ് ഗോപി, ബിജെപി പ്രവർത്തകരോടൊപ്പം കൊട്ടാക്കന്പൂരിലെ അഭിന്യുവിന്റെ വീട്ടിലെത്തിയത്. ബിജെപി ജില്ലാ പ്രസിഡന്റ് ബിനു കൈമളിനോടും പ്രദേശത്തെ ബിജെപി – ആർഎസ്എസ് പ്രവർത്തകരോടുമൊപ്പമാണ് അഭിമന്യുവിന്റെ വീട്ടിലെത്തിയത്.
മാതാപിതാക്കളെ അനുശോചനമറിയിച്ച സിനിമാതാരം രാഷ്ട്രീയക്കാരനായിട്ടോ സിനിമാ നടനായിട്ടോ അല്ല എത്തിയിരിക്കുന്നതെന്നും ഒരു സാധാരണ മനുഷ്യനായി മാത്രമാണ് എത്തിയതെന്നും അറിയിച്ചു. ഇതിനു ശേഷം പുറത്തിറങ്ങിയപ്പോഴാണ് സെൽഫി എടുക്കലും ആഹ്ലാദ പ്രകടനവുമുണ്ടായത്.
കൂടെയുണ്ടായിരുന്ന ബിജെപി പ്രവർത്തകർ സിനിമാതാരം സുരേഷ് ഗോപി എത്തിയിട്ടുണ്ടെന്നു ഗ്രാമവാസികളെ അറിയിച്ചതോടെ ആരാധകർ ഒത്തുകൂടി. ആരാധകരെ കണ്ടതോടെ താരം ചിരിച്ചും ആഹ്ലാദിച്ചും സെൽഫിക്കു നിന്നുകൊടുത്തു.
ഇതോടെ സെൽഫിക്കാരുടെ തിരക്കും ബഹളവുമായി. അഭിമന്യുവിന്റെ വീട്ടിൽ അനുശോചനമറിയിക്കാനാണ് എംപി എത്തിയതെന്നു ഗ്രാമവാസികളിൽ പലരും അറിഞ്ഞിരുന്നുമില്ല.
പൊട്ടിച്ചിരിച്ചു നാട്ടുകാരോടൊപ്പം നിൽക്കുന്ന നടന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് കടുത്ത പ്രതിഷേധം ഉയർന്നത്. ഒൗചിത്യമില്ലായ്മയാണ് താരത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് വിമർശകർപറയുന്നു.
സാധാരണ മനുഷ്യനായിട്ടാണ് എത്തിയതെന്ന് അഭിമന്യുവിന്റെ വീട്ടുകാരോടു പറഞ്ഞ താരം പുറത്തിറങ്ങിയ ഉടനെ സിനിമാക്കാരനായി മാറിയെന്നും അവർ കുറ്റപ്പെടുത്തുന്നു.