മട്ടന്നൂർ: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സത്യസന്ധമായ അന്വേഷണം വേണമെന്ന് ചലച്ചിത്ര നടനും എംപിയുമായ സുരേഷ് ഗോപി. ശുഹൈബിന്റെ കുടുംബത്തിനുള്ള സംശയങ്ങൾ ദൂരീകരിക്കണം.
സിബിഐ അന്വേഷണം വേണോ എന്നതിന്റെ സാങ്കേതിക ഉൾപ്പെടെയുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാർ പരിശോധിച്ചു നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പട്ടു. ശുഹൈബിന്റെ വീട് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. കേസന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ശുഹൈബിന്റെ സഹോദരിമാർ തനിക്കു കത്ത് നൽകിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
ഓരോ ജീവൻ പൊലിയുമ്പോഴും അച്ഛനമ്മമാരുടെയും കൂടെ പ്പിറപ്പുകളുടെയും വേദന നാം കാണുന്നുണ്ട്. കണ്ണൂരിലെ ദൈവികമായ മണ്ണിൽ സാത്താന്റെ വിളയാട്ടം എന്തിനാണ് ? പരമ്പരാഗതമായി ഒരുപാട് നല്ല സമ്പ്രദായങ്ങളുടെ ഈറ്റില്ലമാണ് കണ്ണൂർ. കൊലപാതക പരമ്പര ഇനി ഉണ്ടാകാൻ പാടില്ലെന്ന് എത്രതവണ പറയണം. രാഷ്ട്രീയ വൈരാഗ്യം മൂലം അക്രമത്തിനു പ്രോത്സാഹനം നൽകുന്ന പ്രവണതയുള്ള നേതാക്കളുടെ മനോഭാവം മാറണം.
അക്രമസംഭവങ്ങൾ കേരളത്തിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. താനല്ലാതെ മറ്റൊന്നും നല്ലതല്ലെന്ന കാട്ടുനീതി മാറണം. നല്ല പാഠം പഠിപ്പിക്കാനും നേർവഴിയിലൂടെ നയിക്കാനുമുള്ള ഉത്തരവാദിത്വം സമൂഹം ഏറ്റെടുക്കണ മെന്നും അദ്ദേഹം പറഞ്ഞു.