ന്യൂഡൽഹി: ലോക്സഭ അംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി. ‘കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ’ എന്നു ജപിച്ചുകൊണ്ടാണ് അദ്ദേഹം പീഠത്തിന് അരികിലേക്ക് എത്തിയത്.
സത്യപ്രതിജ്ഞയ്ക്ക് ശേഷം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും തൊഴുതാണ് സുരേഷ് ഗോപി സീറ്റിലേക്ക് മടങ്ങിയതും. കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്സഭാംഗമാണ് സുരേഷ് ഗോപി. മൂന്നാം മോദി സര്‍ക്കാരിൽ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിയാണ് അദ്ദേഹം.
ലോക്സഭയിൽ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രിക്ക് ശേഷം രണ്ടാമതായി രാജ്നാഥ് സിങും മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു.
സമ്മേളനത്തിന് മുന്നോടിയായി എല്ലാ എംപിമാരെയും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തിരുന്നു. അതേസമയം, കേരളത്തിൽ നിന്നുള്ള മറ്റ് എംപിമാരുടെ സത്യപ്രതിജ്ഞ വൈകുന്നേരം നാലു മണിയോടെയാകും നടക്കുക.