തിരുവനന്തപുരം: പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന കേസിൽ സുരേഷ് ഗോപി എംപിക്കെതിരെ ക്രൈംബ്രാഞ്ച് സംഘം എഫ്ഐആർ സമർപ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്. വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റർ ചെയ്തതിലൂടെ സംസ്ഥാന സർക്കാരിനെ കബളിപ്പിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
2010-ൽ പുതുച്ചേരിയിൽ വാടകക്ക് താമസിച്ചിരുന്നുവെന്ന വാടക കരാറിന്റെ അടിസ്ഥാനത്തിൽ 2014-ൽ ആഡംബര വാഹനം സുരേഷ് ഗോപി അവിടെ രജിസ്റ്റർ ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഒറിജിനൽ രേഖകൾ ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ലെന്നാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ എഫ്ഐആറിൽ വ്യക്തമാക്കുന്നത്.