വി. ശ്രീകാന്ത്
കൊട്ടുന്പോൾ പുറത്ത് മാത്രമല്ല അകത്തും കൂടി കൊട്ടണം എങ്കിലേ ഉള്ളിലുള്ളതെല്ലാം ഇങ്ങ് പുറത്ത് പോരൂ എന്നാണല്ലോ. സുരേഷ് ഗോപിയുടെ തൃശൂർ പ്രസംഗം കേട്ടവർ ഈ അഭിപ്രായത്തോട് ചേർന്ന് നിൽക്കാനാണ് സാധ്യത.
എം.വി. ഗോവിന്ദനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കോൺഗ്രസ് നേതാക്കളെ പൊതുവേയും പിന്നെ സംസ്ഥാന ബിജെപി നേതാക്കളെയും കക്ഷി നല്ല രീതിയിൽ കൊട്ടി. ഇവിടെ ശരിക്കും നൊന്തിട്ടുണ്ടാവുക ആ സദസിൽ ഉണ്ടായിരുന്ന ബിജെപിക്കാർക്കുതന്നെയാകും.
ഇടതും വലതും ഇത് വലിയ കാര്യമായി എടുക്കില്ല. നടൻ സുരേഷ് ഗോപി എന്നതിനുപരി ബിജെപി നേതാവായ സുരേഷ് ഗോപി രാഷ്ട്രീയത്തിലെ തന്റെ എതിർ പാർട്ടിക്കാർക്കെതിരേ കത്തിക്കയറിയെന്ന രീതിയിൽ ഒഴുക്കൻ മട്ടിലെ അതിന് വിലയിരുത്തലുകൾ ഉണ്ടാകു.
പക്ഷേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സദസിലിരിക്കേ ബിജെപി സംസ്ഥാന നേതാക്കൾക്കെതിരെയുള്ള ഒളിയന്പ് നല്ല രീതിയിൽ പലരിലും തുളഞ്ഞ് കയറാൻ സാധ്യതയുണ്ട്.
രണ്ടു നേതാക്കന്മാർ മാത്രം
വരുന്ന ലോക്സഭ ഇലക്ഷനിൽ താൻ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് രണ്ടു നേതാക്കന്മാർ മാത്രമാണെന്ന് സുരേഷ് ഗോപി പറയുന്പോൾ അത് ആരൊക്കെയാണെന്ന് ആരും ആരെയും പറഞ്ഞ് മനസിലാക്കേണ്ടതില്ല.
പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമാണെന്ന് പകൽ പോലെ തെളിഞ്ഞു നിൽക്കുന്ന സത്യമാണ്.
“മറ്റാർക്കും അതിൽ അവകാശമില്ലാ’യെന്ന് പറയുന്പോൾ അത് സംസ്ഥാന നേതാവായ കെ.സുരേന്ദ്രനും കേരളത്തിലെ മറ്റ് ബിജെപി നേതാക്കളുമാണെന്ന് വ്യക്തം.
പേരെടുത്ത് പറയാതെ കിട്ടിയ കൊട്ട് കെ.സുരേന്ദ്രൻ സദസിലിരിക്കേ തന്നെയാണെന്നുള്ള കാര്യവും ഓർക്കേണ്ടതുണ്ട്.
തൃശൂരോ കണ്ണൂരോ
2024ലെ തെരഞ്ഞെടുപ്പിൽ കണ്ണൂരേക്ക് വിടുന്നതിനേക്കാൾ തൃശൂർ പിടിച്ചെടുക്കാൻ തന്നെയാവും ബിജെപി സുരേഷ് ഗോപിയെ നിയോഗിക്കുക. തൃശൂർ എനിക്ക് വേണം.
ഏത് ഗോവിന്ദൻ വന്നാലും. തൃശൂർ ഞാൻ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു. തൃശൂർക്കാരെ നിങ്ങളെനിക്ക് തരണം. തൃശൂർ എടുത്തിരിക്കുമെന്നെല്ലാം ആവേശത്തോടെ സുരേഷ് ഗോപി പറയുന്പോൾ കഴിഞ്ഞ തവണ സുരേഷ് ഗോപി തൃശൂരിൽ ഉണ്ടാക്കിയ ഓളം ഇടതും വലതും മറക്കാൻ ഇടയില്ല.
ഇവിടയെും ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ എങ്ങനെയാവുമെന്ന് കണ്ടു തന്നെ അറിയണം.കണ്ണൂരാണേലും താൻ മത്സരിക്കുമെന്ന താരത്തിന്റെ പറച്ചിൽ സംസ്ഥാന ഘടകം നല്ല രീതിയിൽ ചർച്ചയിലെടുക്കാനും സാധ്യതയുണ്ട്.
സുരേഷ് ഗോപി തരംഗം
കഴിഞ്ഞ ലോക്സഭ ഇലക്ഷനിൽ ബിജെപി സുരേഷ് ഗോപിയെ ഇറക്കി തൃശൂരിൽ മത്സരാവേശം കൂട്ടി. പ്രചാരണം കൊടുന്പിരി കൊണ്ടപ്പോൾ മൂന്നുലക്ഷത്തിന് അടുത്ത് വോട്ട് സുരേഷ് ഗോപി നേടുകയും ചെയ്തു.
മൂന്നാം സ്ഥാനത്തേക്ക് നേരിയ വ്യത്യാസത്തിൽ തള്ളപ്പെട്ടെങ്കിലും സുരേഷ് ഗോപി ഉണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല.
2014-ൽ തൃശൂരിൽ ഒരുലക്ഷത്തിന് മുകളിൽ മാത്രം വോട്ട് നേടിയ ബിജെപി 2019-ൽ മൂന്നുലക്ഷത്തിനടുത്ത് വോട്ട് നേടി വലത് പക്ഷത്തേയും ഇടത് പക്ഷത്തേയും നല്ലവണ്ണം വിരട്ടി.
എം.വി.ഗോവിന്ദനേയും മുഖ്യമന്ത്രിയെയും കണക്കിന് പ്രഹരിച്ചുതന്നെയാണ് സുരേഷ് ഗോപി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. എന്തായാലും 2024-ൽ തൃശൂരിലാണ് സുരേഷ് ഗോപി മത്സരിക്കുന്നതെങ്കിൽ മത്സരം കടുക്കുമെന്ന കാര്യം ഉറപ്പ്.