തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ വിജയമുറപ്പിക്കാൻ അവസാന പോരാട്ടത്തിന് ഒരുങ്ങുകയാണ് ബിജെപി. സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കാനും തൃശൂർ ലോക്സഭ മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള നീക്കം ഏതാണ്ട് തീരുമാനമായി.
തൃശൂർ പിടിക്കാനുള്ള രണ്ടാം അങ്കത്തിന് കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി എത്തുന്നതോടെ ചിത്രം മാറുകയാണ്. നിലവിലെ എംപി ടി.എൻ. പ്രതാപൻ തന്നെയായിരിക്കും തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി.
പ്രതാപൻ മത്സരിക്കണമെന്ന് കോണ്ഗ്രസ് ഹൈക്കമാൻഡ് പറഞ്ഞു കഴിഞ്ഞു. ഇടതുമുന്നണി സ്ഥാനാർഥിയായി മുൻ മന്ത്രി സിപിഐയിലെ വി.എസ്. സുനിൽകുമാറിനെ രംഗത്തിറക്കാനാണ് നീക്കം. ഇതോടെ തൃശൂർ മണ്ഡലത്തിലെ പോരാട്ടം ഏവരും ഉറ്റുനോക്കുന്നതായി മാറും.
കഴിഞ്ഞ തവണ മത്സരിച്ചപ്പോഴാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിൽ തൃശൂർ താനിങ്ങെടുക്കുവാ എന്നു പ്രഖ്യാപിച്ചത്.
പക്ഷേ തൃശൂരുകാർ അങ്ങനെ വിട്ടുകൊടുക്കാൻ തയാറായില്ല. മത്സരം ഇഞ്ചോടിഞ്ച് പോരാട്ടമാക്കി മാറ്റിയെങ്കിലും വോട്ടെണ്ണിയപ്പോൾ കോണ്ഗ്രസിലെ ടി.എൻ. പ്രതാപൻ വിജയിച്ചു.
ഇത്തവണ അതല്ല സ്ഥിതിയെന്നാണ് സൂചന. സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കുന്നതോടെ മത്സരം കേന്ദ്രമന്ത്രി സുരേഷ് ഗോപിയെന്ന ലേബലിലാകും.
കേന്ദ്രമന്ത്രിയെന്ന നിലയിൽ മണ്ഡലത്തിനുവേണ്ടി പ്രഖ്യാപനങ്ങൾ വാരിക്കോരി നടത്തി വിജയം ഉറപ്പിക്കാനാകുമെന്ന കണക്കുകൂട്ടലാണ് ബിജെപി നേതൃത്വം.
രാജ്യസഭ എംപി എന്ന നിലയിൽ സുരേഷ് ഗോപി ഇതിനകംതന്നെ മണ്ഡലത്തിൽ പല സഹായങ്ങളും വാഗ്ദാനം ചെയ്തു കഴിഞ്ഞു.
തൃശൂരിലെ ശക്തൻമത്സ്യമാംസ മാർക്കറ്റ് നവീകരണത്തിന് ഒരു കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. എംപി ഫണ്ടാണ് കൈമാറുക. അതിനായി കോർപറേഷൻ മേയറുമായി ചർച്ചകൾ നടത്തുകയും പ്രോജക്ട് സമർപ്പിക്കുകയുമൊക്കെ ചെയ്തു.
പക്ഷേ സിപിഎം നേതൃത്വത്തിന്റെ ഇടപെടലോടെ ആ പദ്ധതി തൽകാലം നടപ്പാക്കിയില്ല. ഇത്തരം വികസന പ്രവർത്തനങ്ങളൊക്കെ വീണ്ടും ആവർത്തിച്ച് ജനങ്ങളെ കൈയിലെടുക്കാനാകുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ.
കേരളത്തിൽ ഒരു സീറ്റെങ്കിലും ബിജെപിക്ക് വേണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത്ഷായും പല സംഭാഷണങ്ങളിലും കേരളത്തിലെ നേതാക്കളോട് ആവർത്തിക്കുന്നുണ്ടത്രേ.
അതിനുള്ള അവസാന തുറുപ്പ് ചീട്ടെന്ന നിലയിലാണ് സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കുന്നതിന് പിന്നിലെന്നാണ് സൂചന.
ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തുന്പോൾ കേന്ദ്രമന്ത്രിയെന്ന നിലയിൽതന്നെ ജനങ്ങളോട് വോട്ട് ചോദിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് കണക്കു കൂട്ടൽ. പക്ഷേ മണ്ഡലത്തിലെ ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നതാണ് പ്രധാനം.
മണിപ്പുർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ക്രിസ്ത്യൻ വോട്ടുകൾ കൂടുതലുള്ള തൃശൂരിൽ യാതൊരു കാരണവശാലും വോട്ടുകൾ കിട്ടില്ലെന്ന ചിന്ത ബിജെപിയെ അലട്ടുന്നുണ്ട്.
പക്ഷേ തെരഞ്ഞെടുപ്പാകുന്പോഴേക്കും അതൊക്കെ മറക്കുമെന്നാണ് അവരുടെ വിശ്വാസം. അങ്ങനെ വന്നാൽ വിജയത്തിനായി സുരേഷ് ഗോപിയെ മണ്ഡലം മാറ്റി മത്സരിപ്പിക്കാനും ആലോചിക്കുന്നുണ്ട്.
തിരുവനന്തപുരമാണ് മത്സരിപ്പിക്കാൻ ആലോചിക്കുന്ന മറ്റൊരു മണ്ഡലം. എന്തു വന്നാലും അവസാന അടവും പുറത്തെടുത്ത് കേരളത്തിൽ നിന്ന് ഒരു സീറ്റ് നേടുകയെന്നതാണ് ഇപ്പോൾ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആലോചന.
ഇതിനിടെ തനിക്ക് മത്സരിക്കാൻ താൽപര്യമില്ലെന്ന സുരേഷ് ഗോപിയുടെ വാക്കുകൾ ആരും വിശ്വസിക്കുന്നില്ല. അവസാന നിമിഷം തീരുമാനം മാറ്റാനും ജനങ്ങളുടെ താല്പര്യപ്രകാരം മത്സരിക്കുകയാണെന്ന പ്രതീതി ഉണ്ടാക്കി അതുവഴി കൂടുതൽ വോട്ടുകൾ നേടാനുമാണ് സുരേഷ്ഗോപിയും പാർട്ടിയും ഉദ്ദേശിക്കുന്നത്.