തൃശൂർ: ഒറ്റ ഒരു ചോദ്യം മതി ജീവിതം മാറാനെന്ന സൂപ്പർ സ്റ്റാറുടെ ഡയലോഡ് അന്വർത്ഥമായി. ഒറ്റ ഒരു പ്രതികരണം മതി എയറിൽ കയറാൻ എന്ന് തെളിയിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ്ഗോപി.
ചോദ്യം ചോദിക്കേണ്ട രീതിയ്ക്കെതിരെ മാധ്യമപ്രവർത്തകരോടുള്ള രൂക്ഷവിമർശനം ഇത്രയധികം ട്രോളുകൾക്ക് വഴിവയ്ക്കുമെന്ന് മന്ത്രി മനസിൽ പോലും കരുതികാണില്ല. ഇതോടെ സമൂഹമാധ്യമത്തിൽ സുരേഷ് ഗോപിക്കെതിരെ ട്രോൾ പൊങ്കാല തുടരുകയാണ്.
പ്രതിരോധിക്കാനായി ഇറക്കുന്ന ട്രോളുകളിലും വിമർശനട്രോളുകൾ നിർത്താതെ കത്തിക്കയറുകയാണ്. ഹേമാകമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകരോട് തട്ടിക്കയറുകയും തുടർന്ന് നടത്തിയ പ്രതികരണവുമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ട്രോൾ തരംഗമായി മാറുന്നത്.
ഓട്ടമത്സരത്തിൽ തോറ്റ ആമയോട് തോൽവിയുടെ കാര്യം ചോദിക്കവേ മാളത്തിൽ നിന്നും ഇറങ്ങുന്പോൾ മാളത്തെ കുറിച്ച് ചോദിക്കണമെന്നും, തലേദിവസം പഠിപ്പിച്ച പാഠഭാഗത്തെ കുറിച്ച് ചോദിക്കുന്ന സാറിനോട് വീട്ടിൽ നിന്നും വരുന്ന തന്നോട് വീട്ടിലെ കാര്യങ്ങളാണ് ചോദിക്കേണ്ടതെന്ന് അടക്കമുള്ള വാക്കുകകളാണ് ട്രോളിനായി ഉപയോഗിക്കുന്നത്.
തൃശൂരിൽ ആറ്റുനോറ്റ് വിരിഞ്ഞത് ചെന്പരത്തിപ്പൂവാണെന്നും വിമർശനമുണ്ട്. കൈവിട്ട ആയുധവും വാ വിട്ട വാക്കും തിരിച്ചെടുക്കാനാവില്ലെന്ന കണിമംഗലം ജഗന്നാഥന്റെ മാസ് ഡയലോഗ് ഇപ്പോൾ കൂടുതൽ ചേരുന്നതും കേരളത്തിലെ ആദ്യ ബിജെപി എംപിക്കാണെന്നും സമൂഹമാധ്യമത്തിൽ അഭിപ്രായപ്പെടുന്നു.