കൊട്ടാരക്കര: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ താരത്തെ കാണാനെത്തിയവരും പാർട്ടി പ്രവർത്തകരുടേയും തിക്കിതിരക്കിയതിൽ പ്രതിഷേധിച്ച് ബിജെപി സംഘടിപ്പിച്ച പരിപാടി പൂർത്തിയാക്കാതെ സുരേഷ് ഗോപി എംപി ക്ഷുഭിതനായി മടങ്ങി. ഞായറാഴ്ച കൊട്ടാരക്കരയിലായിരുന്നു സംഭവം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബിജെപി കൊട്ടാരക്കരയിൽ സംഘടിപ്പിച്ച സേവാസമർപ്പൺ അഭിയാൻ സ്മൃതി കേരം പദ്ധതിയുടെ ഉദ്ഘാടനത്തിനായാണ് സുരേഷ് ഗോപി കൊട്ടാരക്കരയിലെത്തിയത്.
ബിജെപി കൊട്ടാരക്കര, പത്തനാപുരം, ആയൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കൊട്ടാരക്കര മാർത്തോമ്മ ജൂബിലി മന്ദിരത്തിൽ ആയിരുന്നു പരിപാടി.
സുരേഷ് ഗോപി കാറിൽ വന്നിറങ്ങിയപ്പോൾ തന്നെ അദ്ദേഹവും സഹായിയും ആളുകളോട് അകന്നു നിൽക്കാൻ പറയുന്നുണ്ടായിരുന്നു. ആദ്യം ഇതാരും മുഖവിലക്കെടുത്തില്ല. പിന്നീടദ്ദേഹം ജൂബിലി മന്ദിരം വളപ്പിൽ മാർ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണക്കായി തെങ്ങിൻ തൈ നട്ടപ്പോഴും ആളുകൾ തിക്കിത്തിരക്കി.
കാമറയിൽ മുഖം കാണിക്കാനും ഒപ്പം നിന്ന് പടമെടുക്കാനുംവേണ്ടിയായിരുന്നു ആളുകൾ ഇടിച്ചു കയറിയത്. അകന്നു നിൽക്കാൻ സുരേഷ് ഗോപി പല തവണ പറഞ്ഞെങ്കിലും ജനം ചെവിക്കൊണ്ടതേയില്ല. തെങ്ങ് വിതരണത്തിനായി അദ്ദേഹം പന്തലിലെത്തിയപ്പോഴും ജനം തിങ്ങിക്കൂടുകയായിരുന്നു.
കസേരകളിലിരിക്കാൻ സുരേഷ് ഗോപി അഭ്യർഥിച്ചെങ്കിലും അനുസരിക്കാൻ ആളുകൾ തയാറായില്ല. തുടർന്ന് വേദിയിൽ കയറാതെ അദ്ദേഹം വേദിക്കു താഴെ നിന്ന് രണ്ടു ഭിന്നശേഷി ക്കാർക്ക് തെങ്ങിൻ തൈ നൽകി. ആമിനക്കും കണ്ണനുമാണ് തെങ്ങിൻ തൈ നൽകിയത്. തൈകൾക്ക് താരം പേരുമിട്ടു. ശിഹാബ് തങ്ങളെന്നും മൊയ്തു മൗലവിയെന്നുമാണ് പേരിട്ടത്.
ഈ സമയത്തും ആളുകൾ തിക്കിതിരക്കുകയായിരുന്നു. സുരേഷ്ഗോപിയും ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാറും മണ്ഡലം പ്രസിഡന്റ് വയക്കൽ സോമനും ആവർത്തിച്ച് അഭ്യർഥിച്ചെങ്കിലും ഒഴിഞ്ഞു നിൽക്കാൻ ജനം തയാറായിയില്ല.
ഇതോടെ സുരേഷ് ഗോപി വേദിയിൽ കയറാതെയും ഉദ്ഘാടന പ്രസംഗം നടത്താതെയും ക്ഷുഭിതനായി മടങ്ങുകയായിരുന്നു. തെങ്ങിൻ തൈ വിതരണം പൂർത്തിയാക്കാതെയും നേതാക്കളോടുപോലും മിണ്ടാതെയുമായിരുന്നു സുരേഷ് ഗോപിയുടെ മടക്കം.
നാളീകേര വികസന ബോർഡ് ചെയർമാനടക്കമുള്ളവർ വേദിയിലിരിക്കുമ്പോഴാണ് വേദിയിൽ പോലും കയറാതെ താരം മടങ്ങിയത്. എംപിക്ക് തിരക്കുള്ളതിനാലാണ് പെട്ടെന്ന് മടങ്ങിയതെന്നാണ് ബിജെപി നേതൃത്വം നൽകുന്ന വിശദീകരണം.