തിരുവനന്തപുരം: ചോദ്യം ചോദിക്കുന്നതിനിടെ വനിതാ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ബിജെപി നേതാവും സിനിമാ താരവുമായ സുരേഷ് ഗോപിക്കെതിരേ പ്രതിഷേധം.കഴിഞ്ഞദിവസം കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സംഭവം.
ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെയ്ക്കുകയായിരുന്നു. അവര്‍ അപ്പോള്‍ തന്നെ കൈ തട്ടിമാറ്റിയിരുന്നു. എന്നാലിത് ആവര്‍ത്തിച്ചിരുന്നു. അപ്പോഴും മാധ്യമ പ്രവര്‍ത്തക കൈ തട്ടിമാറ്റിയിരുന്നു.
സംഭവത്തിൽ സുരേഷ് ഗോപിക്ക് എതിരേ മാധ്യമ പ്രവര്‍ത്തക നിയമനടപടി സ്വീകരിക്കും. വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ അറിയിച്ചു. മറ്റു നിയമ നടപടികളും സ്വീകരിക്കും.
തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് എം.വി. വിനീതയും ജനറല്‍ സെക്രട്ടറി ആര്. കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.