തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലേക്ക് ബിജെപി നടത്തിയ സഹകാരി സംരക്ഷണ പദയാത്രയുടെ സമാപന സമ്മേളനത്തിൽ സർക്കാരിനും സിപിഎമ്മിനുമെതിരേ ആഞ്ഞടിച്ച് സുരേഷ് ഗോപി.
കരുവന്നൂർ മുതൽ തൃശൂർ വരെ നടത്തിയ പദയാത്ര പാവപ്പെട്ടവന് വേണ്ടി നടത്തിയതാണ്, അതിൽ രാഷ്ട്രീയമില്ല. സഹകരണ മേഖലയിൽനിന്ന് ദുരിതങ്ങളേറ്റ് വാങ്ങിയവരും പദയാത്രയുടെ ഭാഗമായി.
ഇവരുടെ കണ്ണീരിന് സർക്കാർ മറുപടി പറഞ്ഞില്ലെങ്കിൽ വലിയ തിരിച്ചടി വരുമെന്നും തൃശൂർ നഗരത്തിലെ സമാപന സമ്മേളനത്തിൽ സുരേഷ് ഗോപി പറഞ്ഞു.
കരുവന്നൂരിലെ പദയാത്ര ഒരു കനൽത്തരി മാത്രമാണെന്നും കണ്ണൂരിലേക്കും കണ്ടലയിലേക്കും മലപ്പുറത്തേക്കും മാവേലിക്കരയിലേക്കും ഈ കനൽത്തരി തീപ്പന്തമായി ജ്വലിച്ച് പടരുമെന്നും സുരേഷ് ഗോപി മുന്നറിയിപ്പ് നൽകി.
ഇതിൽ രാഷ്ട്രീയമില്ല. തീർത്തും മനുഷ്യത്വപരമായ സമരമാണ് നടക്കുന്നത്. ക്രൂരന്മാരുടെ ചതിയിൽ അകപ്പെട്ട ജനങ്ങളാണ് തനിക്കൊപ്പം നടന്നത്. അതിനാൽതന്നെ ഇത് സഹകാരികൾക്കു വേണ്ടിയുള്ള യാത്രയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ജനഹിതത്തിന് അനുസരിച്ച് ഒരു ഭരണം കേരളത്തിലെ ജനങ്ങൾക്ക് വേണം. അതിന് ഈ പദയാത്ര സഹായിക്കും. ലോകസഭ തിരഞ്ഞെടുപ്പുമായി ഇതിനെ കൂട്ടിക്കെട്ടുന്നതിലൂടെ സിപിഎം സ്വന്തം ആത്മഹത്യ കുറിപ്പാണ് രചിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പോരാട്ടവുമായി ഞങ്ങൾ എത്തും.
ആ പോരാട്ടത്തിൽ തൃശൂരിനെ സംബന്ധിച്ച് കടുത്ത ആത്മവിശ്വാസം ഉണ്ട്. ഇത് വേറെ പോരാട്ടം – സുരേഷ് ഗോപി പറഞ്ഞു. സഹകരണ സ്ഥാപനങ്ങൾ ശക്തമായി നിലനിൽക്കണം.
കാരണം നിരവധി പാവപ്പെട്ടവരാണ് ഇതിനെ ആശ്രയിക്കുന്നത്. സഹകരണ സംഘങ്ങൾ നിലനിർത്താൻ കേന്ദ്രത്തോട് അപേക്ഷിക്കും. എന്നാൽ ഈ തസ്കരന്മാർ ഒന്നുപോലും രക്ഷപ്പെടാൻ പാടില്ല.
മുഖ്യമന്ത്രി ഇതിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ കണ്ണൂരും മവേലിക്കരയിലും ഇടുക്കിയിലും കാസർഗോഡും കണ്ടലയിലും ഇത് ആവർത്തിക്കും. മനുഷ്യർക്ക് വേണ്ടി ഇനിയും മുന്നിട്ടിറങ്ങേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.