തെന്നിന്ത്യന്‍ സിനിമയില്‍ ഞെട്ടലുണ്ടാക്കിയ സംഭവമാണ് സില്‍ക്ക്‌സ്മിതയുടെ മരണം. മാദകനടിയെന്ന പേരിനിടയിലും മികച്ച അഭിനേത്രിയായിരുന്ന സില്‍ക്കിന്റെ മരണകാരണം ഇന്നും അവ്യക്തമായി തുടരുകയാണ്. രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. 1996 സെപ്റ്റംബര്‍ 23നായിരുന്നു സില്‍ക്ക് സ്മിത വിട വാങ്ങിയത്.
ആരാധകരേയും സിനിമാലോകത്തെയും ഒരുപോലെ നടുക്കിയൊരു മരണം കൂടിയായിരുന്നു ഇത്. ഇതേ ദിവസമായിരുന്നു സുരേഷ് ഗോപി നായകനായെത്തിയ രജപുത്രന്റെ ക്ലൈമാക്സ് ചിത്രീകരിക്കാന്‍ തീരുമാനിച്ചതെന്ന് നിര്‍മ്മാതാവും അഭിനേതാവുമായ ദിനേശ് പണിക്കര്‍ പറയുന്നു. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. മേക്കപ്പിട്ട് സെറ്റിലിരിക്കുന്നതിനിടയിലാണ് സില്‍ക്ക് സ്മിത മരിച്ചതായുള്ള വിവരമെത്തിയത്.
മദ്രാസില്‍ വെച്ചായിരുന്നു അവരുടെ മരണം. 1000 ത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഉള്‍പ്പെടുത്തിയുള്ള രംഗമായിരുന്നു ചിത്രീകരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മരണവാര്‍ത്ത അറിഞ്ഞതിനെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തി വെക്കാനാവശ്യപ്പെടുകയായിരുന്നു താരമെന്ന് ദിനേശ് പണിക്കര്‍ പറയുന്നു. തനിക്ക് അഭിനയിക്കാനാവില്ലെന്നും തന്റെ ആദ്യകാല സിനിമകളിലൊന്നില്‍ നായികയായെത്തിയത് സില്‍ക്കായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. അങ്ങനെ അന്ന് ചിത്രീകരണം മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.