കൊച്ചി: നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ വാഹനത്തിന് മുമ്പിൽ അപകടകരമായ രീതിയിൽ ടാങ്കർ ലോറി ഓടിച്ച ഡ്രൈവർ പിടിയിലായി.
തമിഴ്നാട് കല്ലാക്കുറിച്ചി പിള്ളയാർകോവിൽ തെരുവ് എസ്. ഭരത്(29) ആണ് അറസ്റ്റിലായത്. ഇയാളുടെ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. തൃശൂരിലേക്ക് പോവുകയായിരുന്ന സുരേഷ് ഗോപിയുടെ വാഹനം ലോറിയുടെ മുമ്പിലേക്ക് കയറാനായി ശ്രമിച്ചിരുന്നു.
പലതവണ ഹെഡ്ലൈറ്റ് സിഗ്നൽ നൽകിയിട്ടും ലോറി മാറ്റിയില്ല. തലങ്ങും വിലങ്ങും വെട്ടിച്ച് അപകടകരമായ രീതിയലാണ് ലോറി സഞ്ചരിച്ചത്.
തുടർന്ന് സുരേഷ് ഗോപി പോലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. അങ്കമാലി മേഖലയിൽ വച്ച് ലോറി തടഞ്ഞുനിർത്തി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്നും ഇയാൾക്കെതിരെ സ്വമേധയാ കേസെടുത്തെന്നും പോലീസ് അറിയിച്ചു. നടൻ കൊല്ലം സുധിക്ക് അന്ത്യാഞ്ജലി അർപ്പിച്ച ശേഷം തൃശൂരിലേക്ക് മടങ്ങുകയായിരുന്നു സുരേഷ് ഗോപി.