ഗര്ഭിണിയായ യുവതിയെ തൃശ്ശൂരിലെ എന്ഡിഎ സ്ഥാനാര്ത്ഥി സുരേഷ്ഗോപി വയറില് കൈവെച്ച് അനുഗ്രഹിക്കുന്ന വീഡിയോ സൈബര് ലോകത്ത് വൈറലായിരുന്നു. മാതൃത്വത്തെ ബഹുമാനിക്കുന്ന പ്രവൃത്തിയാണ് സുരേഷ് ഗോപി ചെയ്തത് എന്നു പറഞ്ഞു കൊണ്ടാണ് സംഘപരിവാറുകാര് ഈ വീഡിയോ പ്രചരിപ്പിച്ചത്. എന്നാല് രാഷ്ട്രീയ എതിരാളികള് ഈ പ്രവൃത്തിയെ വേറെ കണ്ണില് കൂടിയാണ് കണ്ടത്. സുരേഷ് ഗോപിയെ മാത്രമല്ല യുവതിയെക്കൂടി മോശക്കാരാക്കിയായിരുന്നു സൈബര് ആക്രമണം. ഇതോടെ തൃശ്ശൂര് സ്വദേശിനിയായ ശ്രീലക്ഷ്മി കടുത്ത മാനസിക വിഷമത്തിലുമായി.
സൈബര് ആക്രമണങ്ങളും കുറ്റപ്പെടുത്തലിലും സങ്കടപ്പെട്ട ശ്രീലക്ഷ്മിക്ക് പിന്തുണയുമായി ഒടുവില് താരത്തിന്റെ ഭാര്യ രാധികയും കുടുംബവും എത്തി. വിവാദങ്ങള്ക്ക് മറുപടി എന്നോണം സുരേഷ് ഗോപിയുടെ ഭാര്യ രാധികയും മക്കളും അന്തിക്കാടുള്ള വീട്ടിലെത്തിയാണ് ശ്രീലക്ഷ്മിയെ ആശ്വസിപ്പിച്ചത്. സുരേഷ് ഗോപി അനുഗ്രഹിച്ചതിനെ അവഹേളിക്കുന്ന രീതിയില് സോഷ്യല് മീഡിയയില് പോസ്റ്റുകളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്ന്നാണ് പ്രചാരണ വേദികളില് നിന്നാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക, മക്കളായ ഭാവന, ഭാഗ്യ, രാധികയുടെ അമ്മ ഇന്ദിര തുടങ്ങിയവര് ശ്രീലക്ഷ്മിയുടെ അന്തിക്കാട്ടെ വീട് സന്ദര്ശിച്ചത്.
അന്തിക്കാട് ചിരുകണ്ടത്ത് വിവേകിന്റെ ഭാര്യണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മിയെ അവഹേളിക്കുന്ന രീതിയില് പോസ്റ്റുകളും വ്യാപകമായി പ്രചരിച്ചതോടെ സുരേഷ്ഗോപി കുടുംബസമേതം ശ്രീലക്ഷ്മിയെ സന്ദര്ശിക്കാന് തീരുമാനിക്കുകയായിരുന്നു. പ്രചാരണത്തിരക്കുകള് കാരണം അദ്ദേഹത്തിന് എത്തിപ്പെടാന് സാധിച്ചില്ലെങ്കിലും ഭാര്യ രാധിക, മക്കളായ ഭാവ്നി, ഭാഗ്യ, ഭാര്യാമാതാവ് ഇന്ദിര എന്നിവരെ ശ്രീലക്ഷ്മിയുടെ വീട്ടിലേക്കയക്കുകയായിരുന്നു.
പടിയത്തുള്ള വീട്ടിലെത്തിയ സുരേഷ്ഗോപിയുടെ കുടുംബം ശ്രീലക്ഷ്മിക്കു മധുരം നല്കുകയും ശ്രീലക്ഷ്മിക്കു സമൂഹമാധ്യമങ്ങളില് നേരിട്ട് അപമാനങ്ങളെ ആത്മധൈര്യത്തോടെ നേരിടണമെന്ന് പിന്തുണ നല്കുകയും ചെയ്തു. സന്തോഷിക്കേണ്ട സമയത്ത് തളരരുത് എന്നും ധൈര്യപൂര്വ്വം വിവാദങ്ങളെ നേരിടണെന്നും രാധിക ശ്രീലക്ഷ്മിയോടായി പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ തിരക്കൊഴിഞ്ഞാല് താന് ശ്രീലക്ഷ്മിയെ കാണാന് നേരിട്ടെത്തുമെന്നു സുരേഷ്ഗോപി വിവേകിനെ ഫോണില് വിളിച്ചറിയിക്കുകയും ചെയ്തു.
ശ്രീലക്ഷ്മിക്കെതിരെയുണ്ടായ സൈബര് ആക്രമണത്തിനെതിരെ വ്യാപകമായി പ്രതിഷേധമുയര്ന്നിട്ടുണ്ട്. വ്യാഴാഴ്ച മണലൂര് മണ്ഡലം പര്യടനത്തിനിടെയായിരുന്നു സംഭവം. തൃശൂരിലെ എന്.ഡി.എ സ്ഥാനാര്ത്ഥിയായ സുരേഷ് ഗോപിയുടെ പര്യടനം ഉണ്ടെന്നറിഞ്ഞ് അന്തിക്കാട് ചിരുകണ്ടത്ത് വീട്ടില് വിവേകും, ഭാര്യ ശ്രീലക്ഷ്മിയും മകന് അഹാനും കാത്തു നിന്നിരുന്നു. ഇതിനിടെ സുരേഷ് ഗോപിയുടെ വാഹനം കടന്നു പോയപ്പോള് പിറകെ ഓടിയ അഞ്ച് മാസം ഗര്ഭിണിയായ ശ്രീലക്ഷ്മിയെ കണ്ട സുരേഷ് ഗോപി വാഹനം നിറുത്തി. തുടര്ന്ന് സുരേഷ് ഗോപി ശ്രീലക്ഷ്മിയുടെ വയറില് കൈവച്ച് അനുഗ്രഹിച്ചു. യുവതിയുടെ ആവശ്യപ്രകാരമാണ് സുരേഷ് ഗോപി വയറില് കൈവെച്ച് അനുഗ്രഹിച്ചത്. എന്നാല് രാഷ്ട്രീയ എതിരാളികള് ഇതിനെ വളരെ മോശം പ്രവൃത്തിയായി ആരോപിച്ച് സമൂഹ മാധ്യമങ്ങളിലൂടെ അസഭ്യപ്രചരണം നടത്തുകയായിരുന്നു.