കോട്ടയം: ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ്ഐയെ സുരേഷ് ഗോപി എംപി വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിപ്പിച്ച സംഭവത്തിന് പിന്നാലെ പോലീസിന്റെ സല്യൂട്ട് ആര്‍ക്കൊക്കെ നല്‍കാം എന്നതില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്.
പോലീസ് നിയമ പ്രകാരം എംപിമാർക്ക് പോലീസിന്റെ സല്യൂട്ട് ശരിക്കും ലഭിക്കുമോ? കേരള പോലീസിലെ സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ പ്രകാരം സല്യൂട്ട് നല്‍കാനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്? ആര്‍ക്കൊക്കെയാണ് പോലീസ് ബഹുമാന സൂചകമായി സല്യൂട്ട് അടിക്കേണ്ടത്. പരിശോധിക്കാം.
“ആന്തരികമായ ബഹുമാനത്തിന്റെ ബാഹ്യമായ പ്രകടനം’- എന്നാണ് സല്യൂട്ട് പദത്തിന്റെ അര്‍ത്ഥം. 19-ാം നൂറ്റാണ്ടിലാണ് ഇന്നത്തെ സല്യൂട്ട് ശരിക്കും പിറവി കൊള്ളുന്നത്.
ബ്രിട്ടീഷ് സൈന്യത്തില്‍ തലയിലെ തൊപ്പി അല്പ്പമൊന്നുയര്ത്തിയായിരുന്നു ആദരവ്, ഇത് പരിഷ്കരിച്ചാണ് പിന്നീട് ഇന്നത്തെ സല്യൂട്ടില്‍ എത്തിചേര്‍ന്നത്. കേരള പൊലീസ് സ്റ്റാൻഡിംഗ് ഓര്‍ഡറില്‍ 18-ാം അധ്യായത്തില്‍ കേരള പോലീസ് ആര്‍ക്കൊക്കെ സല്യൂട്ട് നല്‍കണമെന്ന കാര്യം വിശദമായി തന്നെ പറയുന്നുണ്ട്.
ഈ സ്റ്റാൻഡിംഗ് ഓര്‍ഡര്‍ പ്രകാരം എംപി, എംഎൽഎ, മേയര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ ആരും തന്നെ പോലീസിന്റെ സല്യൂട്ടിന് അര്‍ഹരല്ല എന്ന് വ്യക്തമാണ്.
എന്നാൽ പലപ്പോഴും ജനപ്രതിനിധികളെ ബഹുമാനിക്കുന്നതിനാലാണ് സല്യൂട്ട് നൽകാൻ പോലീസ് ഉദ്യോഗസ്ഥർ തയാറാവുന്നത്.
പോലീസുകാർ സല്യൂട്ട് ചെയ്യേണ്ടത് ഇവരെ
* രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, ഗവർണർ
* മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ
* യൂണിഫോമിലുള്ള ജനറൽ ഓഫിസർമാർ
* മേലുദ്യോഗസ്ഥർ
* സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജി
* യൂണിറ്റ് കമാൻഡന്റുമാർ
* ജില്ലാ കളക്ടർ
* സെഷൻസ് ജഡ്ജ്, ഡിസ്ട്രിക് മജിസ്ട്രേറ്റ്
* ദേശീയപതാക, വിവിധ സേനകളുടെ പതാക
* മൃതദേഹം
* സേനകളിലെ കമ്മിഷൻഡ്, ഫീൽഡ് റാങ്ക് ഉദ്യോഗസ്ഥർ