കൊച്ചി: വ്യാജവാഹന രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപി എംപിയെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി. പത്ത് ദിവസത്തേക്ക് കൂടി സുരേഷ് ഗോപിയുടെ അറസ്റ്റ് തടഞ്ഞു. ഹൈക്കോടതി ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക യായിരുന്നു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
സുരേഷ് ഗോപിയുടെ മൂൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതും കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റിവച്ചു. വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റർ ചെയ്തതിലൂടെ സംസ്ഥാന സർക്കാരിനെ കബളിപ്പിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
കേസിൽ സുരേഷ് ഗോപിയെ നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചു വരുത്തിയാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്.
പുതുച്ചേരിയിൽ വ്യാജവിലാസത്തിലാണ് തന്റെ ഒൗഡി കാർ സുരേഷ് ഗോപി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2010-ൽ പുതുച്ചേരിയിൽ വാടകക്ക് താമസിച്ചിരുന്നുവെന്ന വാടക കരാറിന്റെ അടിസ്ഥാനത്തിൽ 2014-ൽ ആഡംബര വാഹനം സുരേഷ് ഗോപി അവിടെ രജിസ്റ്റർ ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.