കൊച്ചി: കൈകൂപ്പിനിന്നിട്ടും ഒരു മണിക്കൂറോളം തുടർന്ന മർദനം, കാലുപിടിച്ചപേക്ഷിച്ചപ്പോൾ നിലത്തിട്ടു ചവിട്ടൽ…. സുരേഷ് കല്ലടയുടെ അന്തർസംസ്ഥാന ബസിലെ യാത്രക്കാരായ യുവാക്കൾക്കു ബസിനുള്ളിലും പുറത്തും നേരേയുണ്ടായതു കൊടുംക്രൂരത. സംഭവം വ്യക്തമാക്കുന്ന കൂടുതൽ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ബസിനുള്ളിൽ നടന്നതിനേക്കാൾ വലിയ മർദനമാണു പുറത്തുവച്ചു കന്പനിയുടെ ഗുണ്ടകളിൽനിന്നു യുവാക്കൾക്ക് ഏൽക്കേണ്ടിവന്നതെന്നു സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തം. ബസിലെ യാത്രക്കാരായ യുവാക്കളെ ജീവനക്കാരും ഗുണ്ടകളും ചേർന്നു വൈറ്റില ജംഗ്ഷന് സമീപം റോഡിലിട്ടു മർദിക്കുന്ന ദൃശ്യങ്ങളാണു വൈറ്റില ജംഗ്ഷനിലെ സിസിടിവി കാമറയിൽനിന്നു ലഭിച്ചത്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ സുരേഷ് കല്ലട ഗ്രൂപ്പിന്റെ ബസ് ആലപ്പുഴ ഹരിപ്പാടിനടുത്തു വച്ചു തകരാറിലാകുകയും കേടായ ബസിന് പകരം മറ്റൊരു ബസ് ആവശ്യപ്പെട്ട യുവാക്കളെ പിന്നീട് വൈറ്റിലയിൽ വച്ചു പുറത്തുനിന്നു കയറിയ ബസ് തൊഴിലാളികൾ ആക്രമിക്കുകയുമായിരുന്നു.
പുലർച്ചെ നാലേകാലോടെയാണ് എം. സച്ചിൻ, മുഹമ്മദ് അഷ്കർ എന്നീ യുവാക്കളെ ബസിൽ വച്ചു മർദിച്ചശേഷം വലിച്ചിഴച്ചു പുറത്തിറക്കുന്നത്. സച്ചിൻ തല്ലരുതെന്നു ജീവനക്കാരോട് കൈകൂപ്പി അപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മനസലിയാത്ത ഗുണ്ടകൾക്ക് മുന്നിൽ കാലുപിടിച്ച് അപേക്ഷിച്ചിട്ടും അടി തുടർന്നു.
സുരേഷ് കല്ലടയുടെ ഓഫീസ് മുതൽ വൈറ്റില ജംഗ്ഷൻ വരെ അവരെ ഓടിച്ചിട്ട് അടിക്കുകയായിരുന്നു. ഗുണ്ടകൾ പിന്നാലെ വരാതിരിക്കാൻ ഇരുവരും രണ്ട് വഴിക്ക് ഓടി. എന്നിട്ടും അവർ പിന്നാലെ തന്നെ കൂടി. ഓടുന്നതിനിടെ സച്ചിൻ അവശനായി കുഴഞ്ഞുവീണു. ഈ നേരം ഗുണ്ടകൾ പിടിച്ച് തറയിലിട്ടു മർദിച്ചു. ക്രൂരമായി അടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇവരുടെ മർദനമേറ്റ് സച്ചിൻ തലയിടിച്ച് പിന്നിലേക്ക് വീണു. അപ്പോഴും അടി നിർത്തിയില്ല. കൂടെയുണ്ടായിരുന്ന മറ്റൊരാൾ ബിയർ കുപ്പിയുമായി സച്ചിന് ചുറ്റും നടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പലവട്ടം കുതറിയോടാൻ സച്ചിൻ ശ്രമിക്കുന്നുണ്ട്. മർദനത്തിൽ അവശനായ സച്ചിൻ അവസാനം ഇവരിൽനിന്ന് ഓടിയകലുന്നതും കാണാം.
ബസിനുള്ളിൽ യുവാക്കൾ അക്രമത്തിനിരയാകുന്നതിന്റെ ദൃശ്യങ്ങൾ ബസിലെ യാത്രക്കാരനായ ഫിലിപ്പ് ജേക്കബ് ഫേസ്ബുക്കിൽ പങ്കുവച്ചതോടെയാണ് പുറംലോകമറിഞ്ഞത്. ഇതിനോടകം ഏഴുപേർ കേസിൽ അറസ്റ്റിലായി. കല്ലട ബസ് ഉടമ സുരേഷിനെ പോലീസ് ഇന്നലെ ചോദ്യം ചെയ്തു. തൃക്കാക്കര അസി. കമ്മീഷണർ ഓഫീസിൽ നേരിട്ട് ഹാജരായ സുരേഷിനെ അസി. കമ്മീഷണർ സ്റ്റുവർട്ട് കീലറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.
വൈകുന്നേരം നാലോടെ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി വൈകിയും തുടർന്നു. സംഭവമറിഞ്ഞ സമയത്തുതന്നെ കുറ്റക്കാരായ ബസ് ജീവനക്കാരെ പിരിച്ചുവിട്ടതായും അടിയന്തരഘട്ടത്തിൽ മാത്രമല്ലാതെ ബസ് ജീവനക്കാർ തങ്ങളെ നേരിട്ടു വിളിക്കാറില്ലന്നും ഓപ്പറേഷൻ മാനേജർമാർക്കാണ് ചുമതലയെന്നും സുരേഷ് ചോദ്യം ചെയ്യലിൽ പറഞ്ഞു.