തളിപ്പറമ്പ്: വയല്സംരക്ഷിക്കുക എന്ന ഏക അജണ്ട വിട്ട് സിപിഎമ്മുമായി യുദ്ധം ചെയ്യാന്‍ തങ്ങളില്ലെന്ന് വയല്‍ക്കിളി സമരനായകന് സുരേഷ് കീഴാറ്റൂര്‍ രാഷ്ട്രദീപികയോട് പറഞ്ഞു. സമരത്തിന്റെ ഗതി തിരിച്ചുവിടാന്‍ ശ്രമിക്കുന്ന പുത്തന്‍ വികസനക്കാരുടെ ഗൂഢതന്ത്രങ്ങളില്‍ വീഴാന്‍ തങ്ങളെ കിട്ടില്ലെന്നും, ഗാന്ധിയന്‍ രീതിയിലുള്ള സഹനസമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വയല്‍ക്കിളി സമരത്തിനു മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന 11 പാര്‍ട്ടി അംഗങ്ങളെ പുറത്താക്കിയ നടപടികളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് കീഴാറ്റൂര്‍. പരിസ്ഥിതിയെ തകര്‍ക്കാത്ത, ഒരു വികസന സാധ്യത നടപ്പിലാക്കാനാണ് ഇടതുപക്ഷവും സിപിഎമ്മും ഊന്നല്‍ കൊടുക്കുന്നത്. ആ സാധ്യത ചൂണ്ടിക്കാട്ടി അതിന് വേണ്ടി പോരാടുന്നതിന് മാത്രമാണ് സിപിഎം പ്രവര്‍ത്തകര്‍ വയല്‍ക്കിളികളോടൊപ്പം നിന്നത്. അതിന്റെ പേരില്‍ പുറത്താക്കിയത് വിചിത്ര നടപടിയായെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ സമരം സപിഎമ്മിന് എതിരായിട്ടല്ലെന്നും നാലര കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന പൈതൃക വയല്‍ സംരക്ഷിക്കാനാണെന്നും അത് ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. സമരം വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുറത്താക്കല്‍ നടപടിയെന്നും ഇതൊന്നും തങ്ങള്‍ ഗൗനിക്കുന്നില്ലെന്നും എല്ലാ രാഷ്ട്രീയവിശ്വാസത്തിലും പെട്ടവരും രാഷ്ട്രീയമില്ലാത്തവരും തങ്ങളോടൊപ്പമുണ്ടെന്നും പോരാട്ടം ശക്തമായി തുടരുമെന്നും സുരേഷ് പറഞ്ഞു.
കീഴാറ്റൂര്‍ ബൈപ്പാസ് പ്രശ്നത്തില്‍ വയല്‍ക്കിളികള്‍ക്കൊപ്പം നിലകൊണ്ട പതിനൊന്ന് ബ്രാഞ്ച് കമ്മറ്റിയംഗങ്ങളെയാണ് ഇന്നലെ സിപിഎം പുറത്താക്കിയത്. കീഴാറ്റൂര്‍ ഭാഗത്തെ രണ്ട് ബ്രാഞ്ച് കമ്മറ്റികളായ വടക്ക്, സെന്‍ട്രല്‍ കമ്മറ്റികളില്‍ നിന്നുള്ളവരാണ് പുറത്താക്കപ്പെട്ടത്. വടക്ക് ബ്രാഞ്ച് കമ്മറ്റിയിലെ 15 അംഗങ്ങളില്‍ 9 പേരെയും സെന്‍ട്രല്‍ ബ്രാഞ്ചില്‍ നിന്ന് 2 പേരെയുമാണ് പുറത്താക്കിയത്.
ഇവര്‍ 11 പേരും വയല്കിളിക്കൊപ്പം ഉറച്ചുനിന്ന് സമരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി അംഗങ്ങളായ എല്ലാവരോടും സമരത്തില്‍ നിന്ന് പിന്മാറാന് സിപിഎം ആവശ്യപ്പെട്ടിരുന്നു. കീഴാറ്റൂരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പങ്കെടുത്ത സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമരത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് സമരത്തില്‍ നിന്നും പിന്മാറാത്തതിനെ തുടര്‍ന്നാണ് ഇവരെ പുറത്താക്കിയത്.
ചുടല മുതല്‍ കുറ്റിക്കോല്‍ വരെ ബൈപ്പാസ് പോകുന്നത് കീഴാറ്റൂര്‍ വയലിലൂടെയാണ്. ഇതിനെതിരെയാണ് ഈ പതിനൊന്ന് പേരും വയല്‍കിളികള്‍ എന്ന സംഘടന രൂപീകരിച്ച് നാട്ടുകാര്‍ക്കൊപ്പം നിന്ന് സമരം സംഘടിപ്പിച്ചത്. കീഴാറ്റൂര്‍ വടക്ക് ബ്രാഞ്ചില്‍ നിന്ന് ബി.ഗോവിന്ദന്, സി.ശശി, ബൈജു, രാഹുല്‍, ബിജു, പ്രിന്‍സ്, ബാലന്, രാമകൃഷ്ണന്, രഞ്ജിത്ത് എന്നിവരെയും സെന്‍ട്രല്‍ ബ്രാഞ്ചിലെ, കെ.വി. ബാലകൃഷണന്, ലാലുപ്രസാദ് എന്നിവരെയുമാണ് പുറത്താക്കിയത്.
കഴിഞ്ഞ ദിവസം നടന്ന തളിപ്പറമ്പ് പോലീസ് സ്റ്റേഷന് ഉപരോധത്തിലും സജീവമായി പങ്കെടുത്ത ഇവര്‍ ജയിംസ്മാത്യു എംഎല്‍എക്കെതിരെ പരസ്യമായി മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. പെട്ടെന്ന് നടപടികള്‍ സ്വീകരിക്കാന്‍ ഇതാണ് കാരണമായി പറയപ്പെടുന്നത്. പാര്‍ട്ടി പുറത്താക്കിയെങ്കിലും മറ്റ് പാര്‍ട്ടികളിലേക്ക് പോകാനുദ്ദേശിക്കുന്നില്ലെന്നും വയല്‍ സംരക്ഷണത്തിനായുള്ള സമരത്തില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കുമെന്നും പുറത്താക്കിയ പ്രവര്‍ത്തകര്‍ പറഞ്ഞു.