തളിപ്പറമ്പ്: സുരേഷ് കീഴാറ്റൂര്‍ ജീവിതത്തിലേക്ക് പുതിയ ബൈപ്പാസ് പണിയുന്നു. വയല്‍കിളി സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറിയ സുരേഷ് കീഴാറ്റൂര്‍ ഭക്ഷ്യവിഭവ വില്പനയിൽസജീവമാകാനാണ് തീരുമാനിച്ചിരിക്കുന്നത്. പുതുതായി ആരംഭിക്കുന്ന ഗ്രാമീണ ഭക്ഷണശാല വ്യാഴാഴ്ച്ച രാവിലെ തളിപ്പറന്പിൽ പ്രവർത്തനമാരംഭിക്കും.
തളിപ്പറമ്പ് ദേശീയപാതയില്‍ നിന്നും കീഴാറ്റൂരിലേക്കുള്ള കാനത്തമ്പലം റോഡിലാണ് ഗ്രാമീണഭക്ഷണശാല തുറക്കുന്നത്. കഴിഞ്ഞ 2017 സെപ്റ്റംബർ 10 മുതല്‍ സുരേഷ് കീഴാറ്റൂര്‍ നിരാഹാര സമരം ആരംഭിച്ചതോടെയാണ് വയൽക്കിളി സമരം കേരളത്തിനകത്തും പുറത്തും ശ്രദ്ധേയമാകുന്നത്.
കീഴാറ്റൂരിലെ 70 ഏക്കറിലേറെ വരുന്ന വയലുള്‍പ്പെടെ 250 ഏക്കര്‍ഭൂമി ദേശീയപാത ബൈപ്പാസിന് വേണ്ടി ഏറ്റെടുക്കുന്നതിനെതിരെയുള്ള ചെറുത്തുനില്‍പ്പ് സമരത്തിന് വലിയ വാര്‍ത്താപ്രാധാന്യം കിട്ടിയെങ്കിലും സമരനായകന് സുരേഷ് കീഴാറ്റൂര്‍ ജോലിക്ക് പോലും പോകാനാവാത്ത വിധത്തില്‍ നിത്യേന കടംകയറി മൂടുന്ന നിലയിലേക്ക് മാറുകയായിരുന്നു.
അതിനിടെ ലോകസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള സുരേഷിന്റെ നീക്കത്തിനെതിരെ വയല്‍കിളികളില്‍ നിന്നും ഐക്യദാര്‍ഡ്യ സമിതിയില്‍ നിന്നും കടുത്ത എതിര്‍പ്പുകളുയര്‍ന്നതോടെ മാനസികമായി അകന്ന സുരേഷ് വയല്‍ക്കിളി ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ നാലിന് കീഴാറ്റൂരില്‍ സിപിഎം സംഘടിപ്പിച്ച വിശദീകരണയോഗത്തില്‍ പ്രസംഗിച്ച സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന് സുരേഷിനെതിരെ അതിശക്തമായ രീതിയില്‍ ഭീഷണിസ്വരത്തിലാണ് പ്രസംഗിച്ചത്. പാര്‍ട്ടി വിരുദ്ധനായ സുരേഷ് പേരിനൊപ്പം കീഴാറ്റൂര്‍ എന്ന് ചേര്‍ക്കുന്നതുപോലും നാട്ടിന് മാനക്കേടാണെന്നുവരെ അദ്ദേഹം പറഞ്ഞുവെച്ചു.
ഏതായാലും ഇനി പുതിയ പാതയിലേക്ക് തിരിയുകയാണെന്നും എല്ലാംമാറ്റിവെച്ച് ഗ്രാമീണഭക്ഷണശാലയിലൂടെ ജീവിക്കാനുള്ള ശ്രമം ആരംഭിക്കുകയാണെന്നും സുരേഷ് പറഞ്ഞു. കൃത്രിമചേരുവകളൊന്നുമില്ലാത്ത തികച്ചും ജൈവ നാടന്ഭക്ഷ്യവസ്തുക്കളുടെ വിപണനത്തിലൂടെ തന്റെ പരിസ്ഥിതിയുടെ രാഷ്ട്രീയം തുടരുമെന്നും സുരേഷ് പറഞ്ഞു.