തളിപ്പറമ്പ്: വയല്‍കിളികള്‍ സമരത്തില്‍ നിന്ന് പിറകോട്ടുപോയിട്ടില്ലെന്ന് സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒരു രാഷ്ട്രീയകക്ഷിയും തങ്ങൾക്ക് അന്യമല്ലെന്നും വയല്‍ സംരക്ഷിക്കാന്‍ പിന്തുണ നല്കുന്ന ആരുമായും കൈകോര്‍ക്കുമെന്നും സുരേഷ് പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനുമായി ചര്‍ച്ച നടത്തിയതില്‍ രഹസ്യമോ അസ്വാഭാവികതയോ ഇല്ല. ജയരാജന് കാണാന്‍ താത്പര്യം പ്രകടിപ്പിച്ചതനുസരിച്ചാണ് കണ്ടത്. കേന്ദ്ര സംഘത്തിന്റെ പരിസ്ഥിതി റിപ്പോര്‍ട്ടും ത്രീഡി നോട്ടിഫിക്കേഷനും ഈ മാസം തന്നെ പുറത്തുവരും.
അതിനുശേഷം എന്ത് ചെയ്യണമെന്ന് ആലോചിക്കും. മഴക്കാലം കഴിയാതെ നടത്താനാവാത്തതിൽ ലോംഗ്മാര്‍ച്ച് മാറ്റിവച്ചതില്‍ ഒരു തരത്തിലുള്ള പിന്നോട്ട്പോക്കും ഇല്ല. സമരസമിതിക്ക് ഒരു വാതിലും അടച്ചുവയ്ക്കാനാവില്ല ഒ.രാജഗോപാലുമായും കെ.സുധാകരനുമായും കെ.എന്‍.രാമചന്ദ്രനുമായുമൊക്കെ ചര്‍ച്ച നടത്തിയിട്ടുണ്ട്. അതൊക്കെ സമരസമിതിയുടെ തീരുമാനപ്രകാരമാണ്.
ലോംഗ്മാര്‍ച്ച് മാറ്റിവച്ചതും പി.ജയരാജനുമായി ചര്‍ച്ച നടത്തിയതും തമ്മില്‍ യാതൊരു ബന്ധവുമില്ല. നിരവധി തവണ പലരുമായും ബന്ധപ്പെട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് സിപിഎം ജില്ലാ സെക്രട്ടറിയെ കണ്ടത്. മാര്‍ച്ച് മാറ്റിവയ്ക്കണമെന്ന് ജയരാജന് ആവശ്യപ്പെട്ടത് ശരിയാണെങ്കിലും ഇതേക്കുറിച്ച് താന്‍ യാതൊരുവിധ ഉറപ്പും നല്‍കിയിട്ടില്ല.
വയല്‍കിളികളുടെ ഏക ആവശ്യം വയല്‍ നികത്തി റോഡ് നിര്‍മിക്കുന്നത് തടയുക എന്നത് മാത്രമാണ്, മറ്റ് ഒരു വിധ അജണ്ടകളും തങ്ങളുടെ മുന്നിലില്ല. അതില്‍ നിന്ന് അണുവിട മാറുകയോ മാറാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ലെന്നും മറ്റുള്ളതെല്ലാം മാധ്യമസൃഷ്ടികള്‍ മാത്രമാണെന്നും, അതേക്കുറിച്ചൊന്നും വയല്‍കിളികള്‍ക്ക് ആശങ്കയില്ലെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. നമ്പ്രാടത്ത് ജാനകിയമ്മ, കെ.വി.മനോഹരന്, സനല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.