കോട്ടയം: സുരേഷ്കുറുപ്പിന്റെ രണ്ടാമത്തെ സിനിമ റിലീസിനു തയാറെടുക്കുന്നു. ‘വസന്തത്തിന്റെ കനൽവഴികൾ’ എന്ന ചിത്രത്തിനു ശേഷം സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ ഒരുക്കുന്ന ‘തീ’ എന്ന സിനിമയിലെ മുഖ്യ കഥാപാത്രമായാണ് സുരേഷ് കുറുപ്പ് അഭിനയിക്കുന്നത്.
പട്ടാന്പി എംഎൽഎ മുഹമ്മദ് മുഹ്സിനാണ് സിനിമയിലെ നായകൻ. രാജ്യസഭാംഗം കെ. സോമപ്രസാദും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.ആർട്ടിസ്റ്റ് സുജാതൻ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നു എന്നതും തീയുടെ പ്രത്യേകതയാണ്.
നാലുതവണ എംപിയും 10 വർഷം എംഎൽഎയുമായ മുന്‍പ് സുരേഷ് കുറുപ്പിന്റെ രണ്ടാമത്തെ സിനിമയാണ്. നേരത്തെ ഷാജി എൻ. കരുണ്‍ സംവിധാനം ചെയ്ത സ്വപാനം എന്ന സിനിമയിലും സുരേഷ് കുറുപ്പ് ചെറിയ വേഷം ചെയ്തിരുന്നു.
യുവ മാധ്യമ പ്രവർത്തകൻ വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും നേരിടുന്ന വെല്ലുവിളികളാണ് സിനിമയുടെ ഇതിവൃത്തം. മാധ്യമ പ്രവർത്തകനായി മുഹമ്മദ് മുഹ്സിൻ ചിത്രത്തിലെത്തുന്നു. തൃശൂർ സ്വദേശിയായ പുതുമുഖം സാഗരയാണ് നായിക.
നായികയുടെ അമ്മാവനായ നാരായണൻ നന്പൂതിരിയുടെ കഥാപാത്രമാണ് സുരേഷ്കുറുപ്പ് അവതരിപ്പിക്കുന്നത്. സുരേഷ്കുറുപ്പിന്റെ അച്ഛനായാണ് ആർടിസ്റ്റ് സുജാതന്റെ രംഗപ്രവേശം. കെ. സോമപ്രസാദ് ജയിൽ സൂപ്രണ്ടായുമെത്തുന്നു. ഗായകൻ ഉണ്ണിമേനോൻ പാടി അഭിനയിക്കുന്നതും സിനിമയുടെ പ്രത്യേകതയാണ്.
മുഹമ്മദ് മുഹ്സിന്റെ അച്ഛന്റെ വേഷം ഉണ്ണിമോനോനാണ് കൈകാര്യം ചെയ്യുന്നത്. മലപ്പുറം, തവനൂർ, കുറ്റിപ്പുറം, ആലപ്പുഴ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഓണത്തോടനുബന്ധിച്ച് ഓണ്‍ലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും.
ഇന്ദ്രൻസ്, പ്രേംകുമാർ, രമേഷ് പിഷാരടി, അരിസ്റ്റോ സുരേഷ്, ഋതേഷ് സാഗര, ഉല്ലാസ് പന്തളം എന്നിവരും ചിത്രത്തിലൊപ്പമെത്തുന്നു.