പത്തനംതിട്ട: പത്തനംതിട്ട സ്വദേശി റംസീന് ഇസ്മയില് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില് സുകുമാരക്കുറുപ്പിനെ തേടി ഗുജറാത്ത് രാജസ്ഥാന് അതിര്ത്തിയിലെ സതാപുരിലും പിന്നീട് ഹരിദ്വാറിലുമെത്തിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം വിവരങ്ങള് ശേഖരിച്ച് മടങ്ങുന്നു.
റംസീന് ഇസ്മയില് നല്കിയ വീഡിയോയില് ഉള്ള സന്യാസിയെ സംബന്ധിച്ച വിവരങ്ങളന്വേഷിച്ചാണ് സംഘം ഹരിദ്വാറിലെത്തിയത്.
സന്യാസി മഠങ്ങളില് അന്വേഷണം നടത്തിയെങ്കിലും വീഡിയോയില് കണ്ട സന്യാസിയെ കണ്ടെത്താനായില്ല. ഇദ്ദേഹം തീര്ഥാടനത്തിലാണെന്നാന് മറ്റു സന്യാസിമാര് നല്കിയ വിവരം.
വര്ഷങ്ങളായി തങ്ങള്ക്കൊപ്പമുള്ള സന്യാസിയാണ് വീഡിയോയിലുള്ളതെന്ന് മഠാംഗങ്ങള് പറഞ്ഞു. എന്നാല് വ്യക്തിപരമായ വിവരങ്ങള് ഇവര്ക്ക് അറിയുകയുമില്ല.
അന്വേഷണം റംസീന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ
സുകുമാരക്കുറുപ്പ് തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് ഇന്സ്പെക്ടര് എസ്. ന്യൂമാനും സംഘവുമാണ് അന്വേഷണത്തിനായി ഇതര സംസ്ഥാനങ്ങളിലേക്കു പോയിരുന്നത്.
റംസീന് ഉത്തരേന്ത്യയില് ജോലി ചെയ്യുന്ന സമയത്തു കണ്ടെത്തിയ ആളിനു സുകുമാരക്കുറുപ്പിനോടു രൂപ സാദ ശ്യവും തോന്നുകയും പിന്നീട് ഇയാളെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.
സന്ന്യാസ മഠങ്ങളില് അംഗമായ ഇദ്ദേഹത്തിന്റെ ചിത്രം കഴിഞ്ഞയിടെ വീണ്ടും വീഡിയോയില് ശ്രദ്ധിക്കാനിടയായപ്പോഴാണ് നിര്ണായക വിവരങ്ങളുമായി അന്വേഷണസംഘത്തെ സമീപിച്ചത്.
റംസീന് മുഖ്യമന്ത്രിക്കും പരാതി നല്കുകയും വിഷയം മാധ്യമങ്ങള് ഏറ്റെടുക്കുകയും ചെയ്തതോടെ അന്വേഷണം നടത്താന് ക്രൈംബ്രാഞ്ചും തീരുമാനിച്ചു.
2005 – 07 കാലയളവില് താന് ഗുജറാത്ത്, രാജസ്ഥാന് അതിര്ത്തിയിലെ സതാപുരയില് സന്യാസി തനിക്കൊപ്പമുണ്ടായിരുന്നെന്നാണ് റംസീന് പറയുന്നത്.
പിന്നീടു പലപ്പോഴും ഇയാളെ തേടിയിരുന്നെങ്കിലും കണ്ടെത്താനായില്ല. അങ്ങനെയിരിക്കേ ഹരിദ്വാറുമായി ബന്ധപ്പെട്ട ഒരു വീഡിയോയില് ഈ സന്യാസിയെ കണ്ടതോടെ വീഡിയോ പുറത്തുവിട്ട് അന്വേഷണസംഘത്തെ അറിയിക്കുകയായിരുന്നു.
പത്തനംതിട്ട വെട്ടിപ്രം സ്വദേശിയായ റംസീന് ബിവറേജസ് കോര്പറേഷന് പത്തനംതിട്ട വില്പനശാല മാനേജരാണ്.