കൊയിലാണ്ടി: 2007 -ൽ അജ്മീർ ദർഗ സ്ഫോടനവുമായി മൂന്ന് പേർ മരിക്കുകയും, 30 ഓളം പേർക്ക് പരിക്കേറ്റതുമായ സംഭവത്തിൽ ഗുജറാത്ത് തീവ്രവിരുദ്ധ സ്ക്വാഡിന്റെ പിടിയിലായ മുഖ്യ പ്രതി കോഴിക്കോട് കൊയിലാണ്ടി സ്വദേശി സുരേഷ് നായർ നാട്ടുകാർക്ക് അപരിചിതനാണ്. കൊയിലാണ്ടി എളാട്ടേരി സ്വദേശിയായ സുരേഷ് നായർ നർമ്മദാ തീരത്ത്നിന്ന് തീർത്ഥാടന കേന്ദ്രത്തിലേക്ക് പോകവെയാണ് കഴിഞ്ഞദിവസം തീവ്രവാദവിരുദ്ധ സ്ക്വാഡിന്റെ പിടിയിലാകുന്നത്.
കോളിളക്കം സൃഷ്ടിച്ച കേസിൽ ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് രണ്ട്ലക്ഷം ഇനാം പ്രഖ്യാപിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായ സ്വാമി അസീമാനന്ദയെ കുറ്റവിമുക്തനാക്കുകയും മൂന്ന് പേർക്ക് ശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട്.
രാജസ്ഥാൻ പോലീസ് മുസ്ലിം തീവ്രവാദ സംഘടനകളാണ് സംഭവത്തിന് പിന്നിൽ എന്ന് കരുതിയതെങ്കിലും സിബിഐ അന്വേഷണത്തിലാണ് തീവ്രഹിന്ദുത്വ സംഘടനകളാണ് പിന്നിലെന്ന് തെളിഞ്ഞത്. മുഖ്യപ്രതി സുരേഷ് നായർ ആണ് ടിഫിൻ ബോക്സിൽ മൂന്ന് ബോംബുകൾ കൊണ്ടുവച്ചത്.
കേസിൽ ഏതാനും പേരെ കൂടി പിടികൂടാനുണ്ട്.പരേതനായ കുന്നത്ത് ദാമോദരൻ നായരുടെ മകനായ സുരേഷ് നായർ ചെറുപ്പം മുതൽ ഗുജറാത്തിലാണ്. പിതാവ് ദാമോദരൻ നായർക്ക് അവിടുത്തെ സർക്കാർ ട്രാൻസ്പോർട്ടിലായിരുന്നു ജോലി. റിട്ടയർമെന്റിനു ശേഷം ടയർ ബിസിനസുമായി ഗുജറാത്തിലാണ്. ഗുജറാത്തിലെ ഠാക്കൂർ എന്ന സ്ഥലത്ത് പ്രസിദ്ധമായ ശ്രീ് കൃഷ്ണ ക്ഷേത്രത്തിനടുത്താണ് കുടുംബ സമേതം താമസിച്ചത്.
വർഷങ്ങൾക്ക് മുമ്പാണ് അവസാനമായി സുരേഷ് നായർ പിതാവിനൊപ്പം നാട്ടിലെത്തിയത്. അമ്മയുടെ ബന്ധു ക്കൾമാത്രമാണ് ഇപ്പോൾ നാട്ടിലുള്ളത്. ഭാര്യയും കുടുംബവും ഗുജറാത്തിൽ തന്നെയാണെങ്കിലും സംഭവത്തിനുശേഷം സുരേഷിനെ പറ്റി യാതൊരു വിവരവുമില്ലായിരുന്നുവെന്നാണ് പറയുന്നത്. സുരേഷ് വിശ്വഹിന്ദു പരിഷത്തിന്റെ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. 16 വർഷങ്ങൾക്കുമുമ്പ് കൊയിലാണ്ടി കണയങ്കോട്ടുള്ള ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങിലും സുരേഷ് നായർ പങ്കെടുത്തിട്ടുണ്ട്.