സുരേഷ് ഒബ്റോയ് തന്റെ മകൻ വിവേക് ഒബ്റോയിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ബോളിവുഡിലെ സംസാര വിഷയം. വിവേക് ഒബ്റോയിയും ഐശ്വര്യ റായ് ബച്ചനുമായുള്ള മുൻകാല ബന്ധത്തെക്കുറിച്ചായിരുന്നു പരാമർശം.
ലെഹ്റൻ റെട്രോയ്ക്ക് നൽകിയ അഭിമുഖത്തിൽ, വിവേക് ഒരിക്കലും തന്നെ ഈ ബന്ധത്തെക്കുറിച്ച് വ്യക്തിപരമായി അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഒബ്റോയ് വെളിപ്പെടുത്തി. പകരം സംവിധായകൻ രാം ഗോപാൽ വർമ്മയിൽ നിന്നും മറ്റൊരാളിൽ നിന്നും അദ്ദേഹം ഈ വിവരം അറിഞ്ഞതെന്നും പറഞ്ഞു.
അതിന് ശേഷം സഹപ്രവർത്തകയുമായി പ്രണയത്തിലാകരുതെന്ന് മാത്രമാണ് മകനോട് താൻ ഉപദേശിച്ചതെന്ന് സുരേഷ് ഒബ്റോയ് പറഞ്ഞു. വിവേകിനോട് വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കാൻ അദ്ദേഹം മുന്നറിയിപ്പ് നൽകിയോ എന്ന ചോദ്യത്തിന് സുരേഷ് ഒബ്റോയ് പ്രതികരിച്ചത് “വീട്ടിൽ വരുമ്പോൾ പെൺകുട്ടിയെ (ഐശ്വര്യ) എനിക്ക് ശരിക്കും ഇഷ്ടമായിരുന്നു. ഇപ്പോൾ, നിങ്ങളുടെ മകന്റെ സുഹൃത്ത് വന്നാൽ, നിങ്ങൾ എന്തു ചെയ്യും? നിങ്ങൾ അവളെ സ്നേഹിക്കും. എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് എനിക്ക് കാര്യമായൊന്നും അറിയില്ലായിരുന്നു” എന്നും പറഞ്ഞു.
സൽമാൻ ഖാനുമായുള്ള പ്രണയ ബന്ധത്തിലെ തകർച്ചയ്ക്ക് ശേഷം വിവേക് ഒബ്റോയിയുമായി ഐശ്വര്യ പ്രണയബന്ധത്തിലാണെന്ന ഊഹാപോഹങ്ങൾ ഉയർന്നു.
എന്നാൽ വിവേകുമായുള്ള ബന്ധം ഐശ്വര്യ ഒരിക്കലും പരസ്യമായി അംഗീകരിച്ചില്ലെങ്കിലും, 2003-ൽ ഇരുവരും വേർപിരിഞ്ഞതായി റിപ്പോർട്ടുണ്ട്. 2007-ൽ ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചു.
നടൻ അമിതാഭ് ബച്ചനുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഞാൻ ഒരിക്കലും അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നില്ല എന്ന് സുരേഷ് ഒബ്റോയ് തുറന്നുപറഞ്ഞു.