തിരുവനന്തപുരം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും. തിരുവല്ലം നെല്ലിയോട് മേലെചരുവിള പുത്തൻവീട്ടിൽ സുരേഷ് കുമാർ (42) ആണ് തിരുവല്ലം പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്.
പോലീസ് മർദ്ദനത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാരോപിച്ച് നാട്ടുകാരും ബന്ധുക്കളും വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളും പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി ഇന്നലെ രംഗത്ത് വന്നിരുന്നു.
സബ് കളക്ടർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചെങ്കിലും കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന നിലപാടിൽ ഉറച്ച് നിന്നു.
പോലീസ് മർദ്ദിച്ചിട്ടില്ലെന്നും ഹൃദയാഘാതത്തെ തുടർന്നാണ് സുരേഷ്കുമാർ മരണമടഞ്ഞതെന്നുള്ള പോലീസിന്റെ വാദം പ്രതിഷേധക്കാർ അംഗീകരിച്ചില്ല.
മൃതദേഹം ഇന്നലെ ആർഡിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്താൻ പോലീസ് തയാറായെങ്കിലും ബന്ധുക്കൾ അനുവദിച്ചില്ല. ഇതേ തുടർന്നാണ് പോസ്റ്റ്മോർട്ടം നടപടികൾ ഇന്നത്തേക്ക് മാറ്റിയത്.
പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് ഇന്നലെ എസ്ഐയെ സസ്പെന്റ് ചെയ്തിരുന്നു. സിഐക്കെതിരെ നടപടി വേണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടെങ്കിലും വിശദമായ അന്വേഷണത്തിന് ശേഷം നടപടികളെക്കുറിച്ച് ആലോചിക്കാമെന്ന് പ്രതിഷേധക്കാരോട് ഡിസിപി വ്യക്തമാക്കി.
ഞായറാഴ്ച രാത്രിയിൽ ജഡ്ജികുന്നിലെത്തിയ ദന്പതികളെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിലാണ് സുരേഷ് കുമാറിനെയും സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രാവിലെ റിമാന്റ് ചെയ്യാൻ കൊണ്ട് പോകവെയാണ് സുരേഷ് മരിച്ചത്. ഇയാളെ ഉടൻ തന്നെ പൂന്തുറ സർക്കാർ ആശുപത്രിയിലും അവിടെ നിന്ന് മറ്റൊരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയാഘാതമാകാം മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞതായി തിരുവല്ലം പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെ പ്രതികളുടെ ബന്ധുക്കളും നാട്ടുകാരില്‍ ഒരു വിഭാഗവും പ്രതിഷേധവുമായി തിരുവല്ലം പോലീസ് സ്റ്റേഷനിലെത്തിയതാണ് സംഘര്‍ഷാവസ്ഥക്ക് കാരണമായത്.
തുടര്‍ന്ന് ഫോർട്ട് എസിപി, ഡപ്യൂട്ടി കളക്ടര്‍ എന്നിവർ സ്ഥലത്തെത്തി പ്രതിഷേധക്കാരോട് സംസാരിച്ചെങ്കിലും ഫലം കണ്ടില്ല.
വൈകുന്നേരത്തോടെ പ്രതിഷേധക്കാർ തിരുവല്ലം റോഡും ഉപരോധിച്ചു. കുറ്റക്കാർക്കെതിരെ ഉടൻ നടപടി വേണമെന്ന ആവശ്യവുമായി നടത്തുന്ന റോഡ് ഉപരോധം രാത്രിയും തുടർന്നു.