ഓ പ്രിയാ…പ്രിയാ ക്യൂന്‍ ഫുലാ ദിയാ…ബേവഫായ ബേരഹം…ക്യാ കഹൂ തുജേ സനം… തൊണ്ണൂറുകളില്‍ ബോളിവുഡിനെ ത്രസിപ്പിച്ച ഈ പാട്ട് ദില്‍ എന്ന അമീര്‍ ഖാന് ചിത്രത്തിലേതാണ്. ഇതില്‍ അമീര്‍ഖാനൊപ്പം അഭിനയിച്ചത് മനോഹരമായ പുഞ്ചിരിയും തിളങ്ങുന്ന കണ്ണുകളുമായി ബോളിവുഡിന്റെ ഹൃദയം കവര്‍ന്ന് സുന്ദരി മാധുരി ദീക്ഷിതും. നൃത്തത്തിന്റെ കാര്യത്തില്‍ മാധുരിക്കൊപ്പം നില്ക്കാന് ഇന്നും ബോളിവുഡില്‍ നായികമാരില്ല. എന്നാല്‍ പറഞ്ഞു വരുന്നത് അതല്ല, മേല്‍പ്പറഞ്ഞ സിനിമയില്‍ മാധുരിയുടെ നായകന് അമീര്ഖാനായിരുന്നെങ്കിലും യഥാര്‍ഥത്തില്‍ മാധുരി മോഹിച്ചത് ഈ യുഗ്മഗാനം പാടിയ ഗായകനെയാണ്. ബോളിവുഡിലെ പ്രശസ്ത ഗായകന് സുരേഷ് വാദ്കര്‍ ആയിരുന്നു ആ ഭാഗ്യവാന്.
മഹാരാഷ്രയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നു വന്ന പെണ്‍കുട്ടിയായിരുന്നു മാധുരി. അതുകൊണ്ടുതന്നെ അവള് സിനിമയില്‍ അഭിനയിക്കുന്നതിനോട് വീട്ടുകാര്‍ക്കു വലിയ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല. വളരെ നേരത്തെ തന്നെ മാധുരിയുടെ അച്ഛന് മകള്‍ക്കു വേണ്ടിയുള്ള വരനെ തേടിത്തുടങ്ങിയിരുന്നു. മകള്‍ സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ അവര്‍ക്കു താല്പര്യം അവള് വിവാഹിതയായി കുടുംബ ജീവിതവുമായി കഴിയുന്നതിനോടായിരുന്നു.
ഏറെ നാളത്തെ തിരച്ചിലിനൊടുവിലാണ് മാധുരിയുടെ അച്ഛന് ഗായകന് സുരേഷ് വാദ്കറെ മകള്‍ക്കായി ആലോചിക്കുന്നത്. സംഗീതലോകത്ത് തുടക്കക്കാരനായിരുന്നു അന്നു സുരേഷ്. കഥയിലെ ട്വിസ്റ്റ് എന്തെന്നാല്‍ മാധുരിയേക്കാള് പന്ത്രണ്ടു വയസ്സു മൂത്ത സുരേഷിന് ആ കല്ല്യാണാലോചനയോടു താല്പര്യമുണ്ടായിരുന്നില്ല. അതിനായി അദ്ദേഹം കണ്ടെത്തിയ കാര്യമോ മാധുരി തീരെ മെലിഞ്ഞിട്ടാണ് എന്നതായിരുന്നു.
അതു മാധുരിയുടെ അച്ഛനെ നിരാശപ്പെടുത്തിയെങ്കിലും പിന്നീടങ്ങോട്ട് മാധുരിയുടെ കാലമായിരുന്നു ബോളിവുഡില്‍. തുടരെത്തുടരെയുള്ള വിജയങ്ങളോടെ ബോളിവുഡില്‍ തന്റേതായ സ്ഥാനം സൃഷ്ടിക്കുക തന്നെ ചെയ്തു മാധുരി. അന്ന് ആ ഗായകനെ വിവാഹം കഴിച്ചിരുന്നുവെങ്കില്‍ സിനിമാ ലോകത്തിനു നഷ്ടപ്പെടുന്നത് ഒരഭിനയ പ്രതിഭയെ കൂടിയായിരുന്നു. ശേഷം 1999ലാണ് സര്‍ജനായ ശ്രീറാം മാധവ് നെനെയെ മാധുരി വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും ആരിന്, റയാന് എന്നീ രണ്ടു മക്കളുമുണ്ട്. എന്തായാലും സുരേഷിന്റെ ‘ദില്‍’ കീഴടക്കാന്‍ മാധുരിയ്ക്കു കഴിയാഞ്ഞതിനാല്‍ ലക്ഷക്കണക്കിന് സിനിമാ പ്രേമി ‘ദില്‍’ കീഴടക്കാന്‍ കഴിഞ്ഞു.