പാറ്റ്ന: ഒരേസമയം മൂന്നു സർക്കാർ വകുപ്പുകളിൽ ജോലി ചെയ്ത് ശന്പളം വാങ്ങിക്കുക. അസാധ്യമെങ്കിലും ബിഹാറിൽ ഇങ്ങനെയൊക്കെ നടക്കും. സുരേഷ് റാം എന്നയാളാണ് ബിഹാറിൽ ഇത്തരം തട്ടിപ്പ് നടത്തിയത്. 30 വർഷമായി ഇയാൾ മൂന്നു വകുപ്പുകളിൽ നിന്നു ശന്പളം വാങ്ങിയിരുന്നു എന്നതാണു കൗതുകകരം.
കിഷൻഗഞ്ചിലെ കെട്ടിട നിർമാണ ഓഫീസ്, ബാങ്ക ജില്ലയിലെ ബെൽഹറിൽ ജലവിഭവ വകുപ്പ്, ഭീംനഗർ ഈസ്റ്റിലെ സുപോൾ എന്നിവിടങ്ങളിലുള്ള ഓഫീസുകളിലാണ് സുരേഷ് റാം ജോലി ചെയ്തിരുന്നത്. അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത് എന്നാണു വിവരം. മൂന്നു വകുപ്പുകളിൽ നിന്നും എല്ലാമാസവും ശന്പളം കൃത്യമായി അക്കൗണ്ടിലെത്തുകയും ചെയ്തു.
1988ൽ പാറ്റ്ന കെട്ടിട നിർമാണ വകുപ്പിനുകീഴിൽ ജൂനിയർ എൻജിനീയറായാണ് സുരേഷ് റാം ഒൗദ്യോഗിക ജീവിതം ആരംഭിച്ചത്. തൊട്ടടുത്ത വർഷം ഇയാൾക്ക് ജലവിഭവ വകുപ്പിൽനിന്ന് ജൂനിയർ എൻജിനീയറായി നിയമനക്കത്ത് വന്നു. ശേഷം മറ്റൊരു സർക്കാർ സർവീസിൽനിന്നു ജോലി ലഭിച്ചു. മൂന്ന് ഉത്തരവും കൈപ്പറ്റിയ സുരേഷ് മൂന്നിടത്തും ജോലിക്കു കയറി.
ഒടുവിൽ, അടുത്തിടെ ബിഹാറിലെ കോംപ്രിഹെൻസീവ് ഫിനാൻഷൽ മാനേജ്മെന്റ് സിസ്റ്റത്തിൽ (സിഎഫ്എംഎസ്) ആണ് സുരേഷ് റാമിന്റെ തട്ടിപ്പ് വെളിപ്പെടുന്നത്. സർക്കാർ ജീവനക്കാരുടെ വരുമാനം, ചെലവ്, ആസ്തി എന്നിവ നിരീക്ഷിക്കുന്ന സംവിധാനമാണിത്.
ബിഹാറിലെ സർക്കാർ ജീവനക്കാർ ആധാർ നന്പർ, ജനനത്തീയതി, പാൻകാർഡ് നന്പർ തുടങ്ങിയ വിവരങ്ങൾ സിഎഫ്എംഎസിൽ രേഖപ്പെടുത്തേണ്ടതുണ്ട്. ഇങ്ങനെ വിവരങ്ങൾ രേഖപ്പെടുത്തിയപ്പോൾ സുരേഷ് റാമിന്റെ കള്ളി വെളിച്ചത്തുവന്നു. ജൂലൈ 22-ന് സർട്ടിഫിക്കറ്റുകളുമായി ഇറിഗേഷൻ വകുപ്പിലെത്താൻ സുരേഷിനോട് ഡെപ്യൂട്ടി സെക്രട്ടറി ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ വന്നില്ല. ഇതേതുടർന്ന് വകുപ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു.
സുരേഷിനെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇയാൾ ഒളിവിലാണ്. ഇയാൾ എങ്ങനെയാണ് മൂന്നിടങ്ങളിലും ജോലി ചെയ്തതെന്നോ എത്ര കാര്യക്ഷമമായാണു പ്രവർത്തിച്ചതെന്നോ വ്യക്തമല്ല.