കൂത്തുപറമ്പ്: വോട്ടർമാരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും തിരഞ്ഞെടുപ്പ് പ്രചരണം രസമുള്ള അനുഭവമാക്കുകയാണ് ജില്ലാ പഞ്ചായത്ത് കൂടാളി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി വി.കെ.സുരേഷ് ബാബു.
വോട്ടില്ലെങ്കിലും കുടുംബയോഗങ്ങളിലും മറ്റും മുതിർന്നവരോടൊപ്പം എത്തുന്ന കുട്ടികളാണ് ഇദ്ദേഹത്തിന്റെ താരങ്ങൾ.
മുതിർന്നവരോട് വോട്ടഭ്യർഥന നടത്തുന്നതിനൊപ്പം കുട്ടികളോട് പഠന കാര്യങ്ങൾ ചോദിച്ചറിഞ്ഞും കളിതമാശകൾ പറഞ്ഞും അൽപ്പം മാജിക്കുകൾ കാണിച്ചുമൊക്കെയേ ഇദ്ദേഹം മടങ്ങൂ. വെറും വോട്ടഭ്യർഥന നടത്തുക മാത്രമല്ല ഇദ്ദേഹത്തിന്റെ രീതി.
പഞ്ചായത്ത് എന്നു പറഞ്ഞാൽ എന്താണെന്നും ഇന്ത്യൻ ഭരണഘടനയെ കുറിച്ചും ഗ്രാമങ്ങളുടെ പ്രത്യേകത എന്താണെന്നും വോട്ട് ചെയ്യുന്നത് എന്തിനാണ് എന്നൊക്കെ ഇദ്ദേഹം വോട്ടർമാരോട് വിശദമായി പറഞ്ഞു കൊടുക്കുന്നു.
ഇതിനിടെയാണ് കുട്ടികളെ കയ്യിലെടുക്കാൻ അൽപം മാജിക്കുകളും. കുസൃതി ചോദ്യങ്ങൾ ചോദിച്ചും പാട്ടു പാടി കൊടുത്തുമൊക്കെയാണ് ഇദ്ദേഹം കുട്ടികളോടൊപ്പം ചെലവിടുന്നത്.
കഴിഞ്ഞ ജില്ലാ പഞ്ചായത്തിൽ കോളയാട് ഡിവിഷനെ പ്രതിനിധീകരിച്ച് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആയിരുന്നു ഇദ്ദേഹം.1995 ൽ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആയിട്ടായിരുന്നു തുടക്കം.
പിന്നീട് 2000 ൽ ചിറ്റാരിപറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്ആയി.2003 ൽ തൃശൂരിലെ കിലയിൽ സർട്ടിഫിക്കറ്റ് കോഴ്സിന് ചേർന്ന് ഒന്നാം റാങ്കും സ്വർണമെഡലും നേടി.
അറിയപ്പെടുന്ന പ്രഭാഷകൻകൂടിയായ ഇദ്ദേഹം സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തുമായി ഇതിനകം മൂവായിരത്തിലധികം പ്രഭാഷണം നടത്തിയിട്ടുണ്ട്. കഥകളുടേയും കവിതകളുടേയും മേമ്പൊടിയോടെയുള്ളതാണ് ഇദ്ദേഹത്തിന്റെ പ്രഭാഷണം.
ദിവസം കുറഞ്ഞത് 300 വീട്ടിലെങ്കിലും കയറി വോട്ട് അഭ്യർഥിക്കും .സോഷ്യൽ മീഡിയ തന്നെയാണ് ഇന്നത്തെ മുഖ്യ പ്രചരണ ആയുധമെങ്കിലും വോട്ടു തേടി പ്രായമുള്ളവരെ കാണാൻ വീടുകളിൽ തന്നെ പോകണമെന്ന് ഇദ്ദേഹം പറയുന്നു.
ചിറ്റാരിപറമ്പ് സ്വദേശിയായ സുരേഷ് ബാബു സിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമാണ്.