അല്ലു അർജുൻ നായകനാവുന്ന പുഷ്പയുടെ തമിഴ് പതിപ്പ് കേരളത്തിലെ തിയറ്ററുകൾ പ്രദർശിപ്പിക്കുന്ന സാഹചര്യത്തിൽ ചിത്രത്തിനോട് ഒരു വൈമുഖ്യമോ എതിർപ്പോ പ്രകടിപ്പിക്കരുതെന്ന് നടൻ സുരേഷ് ഗോപി.
സിനിമ വ്യവസായത്തിന് തീയേറ്ററുകൾ തീർച്ചയായും സജീവമാകണം. ബാഹുബലിയുടെ തമിഴ് പതിപ്പാണ് വ്യക്തിപരമായി താൻ ആസ്വദിച്ചത്.
ഈയൊരു പ്രതിസന്ധി ഘട്ടത്തിൽ മലയാളം – തമിഴ് എന്ന വേർത്തിരിവിൽ ആരും തീയേറ്റർ ജീവനക്കാരെയും അവരുടെ അന്നത്തെയും ബുദ്ധിമുട്ടിക്കരുതെന്നും സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു.
ചില സാങ്കേതിക കാരണങ്ങളാൽ ആണ് മലയാളം പതിപ്പ് എത്താൻ വൈകുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.
“സോഫ്റ്റ്വെയറിലെ ഒരു തകരാറ് കാരണം ഫൈനൽ പ്രിന്റുകൾ നാശമായിപ്പോയതായി ഞങ്ങൾ കണ്ടെത്തി,” എന്നാണ് മലയാളം പതിപ്പ് വൈകുന്നതിനെ കുറിച്ച് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി ട്വീറ്റ് ചെയ്തത്.
“എല്ലാ അല്ലു അര്ജുന് ആരാധകരോടുമായി ആദ്യം നല്ല വാര്‍ത്ത പറയാം. നിങ്ങളുടെ പ്രിയ നായകന്റെ ചിത്രം ‘പുഷ്പ’ നേരത്തെ തീരുമാനിച്ചിരുന്നതുപോലെ ഡിസംബര്‍ 17ന് കേരളത്തിലെ തീയേറ്ററുകളില്‍ എത്തും. തമിഴ് പതിപ്പാണ് എത്തുക.
മലയാളം പതിപ്പ് സമയത്ത് എത്തിക്കാന്‍ കഴിയാത്തതില്‍ ആത്മാര്‍ഥമായും ക്ഷമ ചോദിക്കുന്നു.
ഒരു ദിവസത്തിനു ശേഷം 18-ാം തീയതി ശനിയാഴ്ച മലയാളം പതിപ്പ് പ്രദര്‍ശനം ആരംഭിക്കും,” എന്നാണ് കേരളത്തിൽ പുഷ്പയുടെ വിതരണാവകാശം സ്വന്തമാക്കിയ ഇ 4 എന്റര്ടെയ്ന്മെന്റ് അറിയിക്കുന്നത്.