തിരുവനന്തപുരം: കർണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട മലയാളി അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
കർണാടകയിലുള്ള ജനപ്രതിനിധികളുമായി സംസാരിച്ചപ്പോൾ രക്ഷാപ്രവർത്തനം നന്നായി മുന്നോട്ടുപോയെന്ന് മനസിലാക്കിയെന്നും സുരേഷ് ഗോപി പറഞ്ഞു. ആരുംതന്നെ രക്ഷാസംഘത്തെ കുറ്റപ്പെടുത്തരുത്. ഈ സമയത്ത് രാഷ്ട്രീയ മുതലെടുപ്പ് വേണ്ട.
വളരെ ശ്രദ്ധിച്ചില്ലെങ്കിൽ മല കൂടുതൽ ഇടിയുമെന്ന റിസ്ക് നിലനിൽക്കുന്നുണ്ട് അതിനാൽ ഈ സമയത്ത് എന്തെങ്കിലും വികാരങ്ങൾക്ക് വശംവദരായി ആരോപണം ഉന്നയിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു.
അർജുന്റെ വീട്ടുകാരെ സംബന്ധിച്ച് അവരുടെ കുഞ്ഞിനെ, സഹോദരനെ, ഭർത്താവിനെ ഒക്കെയാണ് നാലുദിവസമായി കാണാതെ പോയിരിക്കുന്നത്. അവരുടെ വലിയ വികാരം നമ്മൾ മനസിലാക്കണം. രക്ഷാപ്രവർത്തനം നടക്കുന്നില്ലെന്ന് പറഞ്ഞ് നമ്മൾ ആരേയും കുറ്റപ്പെടുത്തരുത്.