സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയായി. വിവാഹത്തിനു മുന്‍പ് തന്നെ സ്വർണത്തിന്റെ പേരിൽ ധാരാളം ട്രോളുകൾ താരത്തിനും കുടുംബത്തിനും നേരെ ഉണ്ടായിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് മകളെ സുരേഷ് ഗോപി മണ്ഡപത്തിലേക്കെത്തിച്ചത്.
ഭാഗ്യ തന്റെ വിവാഹത്തിന് ആഡംബരമില്ലാതെ ലളിതമായ രീതിയിലായിരുന്നു ആഭരണങ്ങൾ ധരിച്ചത്. കഴുത്തിൽ ഒരു ചോക്കറും, കൈയിൽ കുറച്ച് വളകളും മാത്രമായിരുന്നു ഭാഗ്യയ്ക്കുണ്ടായിരുന്നത്. ലൂർദ് മാതാ പള്ളിയിൽ മാതാവിനു സ്വർണക്കിരീടവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വർണത്തളികയും സമ്മാനിച്ചതും വലിയ വാർത്ത ആയിരുന്നു. എന്നാൽ മകളുടെ വിവാഹത്തിനു സ്വർണത്തിന്റെ കാര്യത്തിൽ യാതൊരു തരത്തിലുമുള്ള ആർഭാടങ്ങളും പിതാവ് സുരേഷ് ഗോപി കാണിച്ചില്ല.
ഗുരുവായൂർ അമ്പല നടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് താരപുത്രി ഭാഗ്യയും ശ്രേയസ് മോഹനും വിവാഹിതരായത്. സുരേഷ് ഗോപിയും, ഭാര്യ രാധികയും ചേർന്നാണ് മകളെ മണ്ഡപത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ക്ഷേത്രവും പരിസരവും അതീവ സുരക്ഷയിലാണ്.
ചടങ്ങിൽ താരരാജാക്കൻമാരായ മോഹൻലാല്‍, മമ്മൂട്ടി, ജനപ്രിയ നായകൻ ദിലീപ്, ബിജു മേനോൻ, ഖുശ്ബു, ഷാജി കൈലാസ്, ജയറാം, പാർവതി, രചന നാരായണൻകുട്ടി, സരയു, ഹരിഹരൻ, നിർമാതാവ് സുരേഷ് കുമാർ തുടങ്ങി വമ്പൻ താരനിരതന്നെ വിവാഹത്തിൽ പങ്കെടുത്തു.
സിനിമാ താരങ്ങൾക്കും രാഷ്ട്രീയ പ്രമുഖർക്കും 19-ന് കൊച്ചിയിൽ വിരുന്ന് നടത്തും. 20 ന് തിരുവനന്തപുരത്ത് വച്ച് ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങിയവർക്കായി റിസപ്ഷൻ നടത്തും.