തൃശൂർ: കെ. മുരളീധരൻ തൃശൂർ ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർഥിയാകുന്നുവെന്ന വാർത്തയോട് പ്രതികരിച്ച് സുരേഷ് ഗോപി. എതിര് സ്ഥാനാര്‍ഥി ആരെന്നത് തന്റെ വിഷയമല്ല, സ്ഥാനാർഥിത്വം മാറ്റിയാലും ആര് ജയിക്കണമെന്ന് ജനം തീരുമാനിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ബിജെപി വിജയിക്കും എന്നാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്.
തൃശൂരില്‍ ടി. എൻ. പ്രതാപനെ മാറ്റി കെ. മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനത്തില്‍, സ്ഥാനാര്‍ഥികള്‍ മാറിവരുമെന്നും അതിന് അതിന്റേതായ കാരണം ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. സ്ഥാനാർഥിയെ മാറ്റുന്നത് അവരുടെ കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം, ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന് രാവിലെ പ്രഖ്യാപിക്കാനിരിക്കെ അപ്രതീക്ഷിത മാറ്റത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. തൃശൂരിൽ സിറ്റിംഗ് എംപി ടി.എൻ. പ്രതാപന് പകരം കെ. മുരളീധരനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. കെ. മുരളീധരന്റെ സീറ്റായിരുന്ന വടകരയില്‍ മുരളീധരന് പകരം ഷാഫി പറമ്പിലായിരിക്കും മത്സരിക്കുക. ഇക്കാര്യവും പാര്‍ട്ടി സ്ഥിരീകരിച്ചിട്ടുണ്ട്. ചാലക്കുടിയില്‍ ബിജെപി പത്മജയെ മത്സരിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തൃശൂരില്‍ മുരളീധരനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിക്കുന്നത്.