തേഞ്ഞിപ്പലം: ജന്മനാ ഇരുകൈകളുമില്ലാത്തതിനാൽ കാലുകൊണ്ട് എസ്എസ്എൽസി പരീക്ഷ എഴുതി മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ വള്ളിക്കുന്ന് ഒലിപ്രംകടവ് ചോയിമഠത്തിൽ പാതിരാട്ട് വീട്ടിൽ ദേവികയെയും കുടുംബത്തെയും സുരേഷ് ഗോപി എംപി സന്ദർശിച്ചു.
പരിമിതികളെ അതിജീവിച്ച് മാതൃകാപരമായ നേട്ടം കൈവരിച്ച ദേവികയെ സുരേഷ് ഗോപി അഭിനന്ദിച്ചു. ഇന്നലെ രാവിലെ പത്തോടെയാണ് സുരേഷ് ഗോപിയും സംഘവും പാതിരാട്ട് വീട്ടിലെത്തിയത്. ദേവികയുമായി സംസാരിച്ച് അരമണിക്കൂറോളം ചെലവഴിച്ച അദ്ദേഹം പിന്തുണ അറിയിച്ചാണ് മടങ്ങിയത്.
എൻഡിഎ പ്രതിനിധികളായ കെ.രാമചന്ദ്രൻ, പീതാംബരൻ പാലാട്ട്, ദീപ പുഴക്കൽ, പി. രംഗരാജൻ, പി. വിനോദ് കുമാർ, ആർ. കൃഷ്ണദാസ് എന്നിവരും സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു. പിന്നീട് ഫോണിൽ ബന്ധപ്പെടാമെന്ന് സുരേഷ് ഗോപി പറഞ്ഞതായി ദേവികയുടെ അച്ഛൻ സജീവ് പറഞ്ഞു. പകരം ആളെക്കൊണ്ട് പരീക്ഷ എഴുതാൻ അവസരമുണ്ടായിട്ടും ദേവിക കാലുപയോഗിച്ച് സ്വയം എഴുതാൻ തീരുമാനിക്കുകയായിരുന്നു.