തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾ നിർദ്ദേശിക്കുന്ന സ്ഥാനാർഥിയെ നിർത്തിയാൽ തൃശൂർ നിയോജകമണ്ഡലം പിടിക്കാനാകുമെന്ന് ബിജെപി ജില്ലാ നേതാക്കൾ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ അറിയിച്ചു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തൃശൂർ മണ്ഡലത്തിലടക്കം വൻ ചലനം സൃഷ്ടിച്ചത് ചൂണ്ടിക്കാട്ടിയാണ് ഇത്തവണയും വിജയിക്കാൻ കഴിയുന്ന സ്ഥാനാർഥികളെ നിർത്തണമെന്ന് ആവശ്യമുന്നയിച്ചിരിക്കുന്നത്.
വിജയ യാത്രയോടനുബന്ധിച്ച് തൃശൂരിലെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുമായാണ് ജില്ലാ നേതാക്കൾ ചർച്ച നടത്തിയത്.
സുരേഷ് ഗോപിയെ മത്സരിപ്പിച്ചാൽ തൃശൂർ സീറ്റ് പിടിക്കാനാകുമെന്ന് മാത്രമല്ല ജില്ലയിലെ മറ്റു മണ്ഡലങ്ങളിലും ഇതിന്റെ അലയൊലികൾ ഉണ്ടാകുമെന്നും കൂടുതൽ സീറ്റുകൾ നേടാൻ വഴിയൊരുക്കുമെന്നുംസ്വാധീനമുണ്ടെന്ന് വ്യക്തമായതോടെ അതിന് പറ്റിയ സ്ഥാനാർഥികളെ നിർത്തിയാൽ ജയിക്കാനാകുമെന്നാണ് കണക്കു കൂട്ടൽ.
തൃശൂരെടുക്കാൻ സുരേഷ് ഗോപിക്കാകുമെന്നാണ് ജില്ലാ നേതാക്കളുടെ അഭിപ്രായം. എന്നാൽ സുരേഷ് ഗോപിക്ക് തൃശൂരിൽ മത്സരിക്കാൻ താൽപര്യമുണ്ടോയെന്നതു സംബന്ധിച്ച് ചർച്ച നടത്താതെ തീരുമാനിക്കാനാകില്ലെന്നായിരുന്നു സുരേന്ദ്രന്റെ നിലപാട്.
സുരേഷ് ഗോപിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള നീക്കങ്ങളും ബിജെപി നടത്തുന്നുണ്ട്. അതിനാൽ തൃശൂരിലെ കാര്യം പിന്നീട് തീരുമാനിക്കാമെന്നാണ് ചർച്ചയിലെ ധാരണ.
സുരേഷ് ഗോപിയില്ലെങ്കിൽ മെട്രോമാൻ ശ്രീധരനെ നിർത്തണമെന്നും അഭിപ്രായമുയർത്തിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ നിയോജകമണ്ഡലങ്ങളിലെ സ്വാധീനം ജില്ലയിലെ ബിജെപി പ്രവർത്തകരുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റിനെ ബോധ്യപ്പെടുത്തി.
അതിനാൽ സീറ്റു ചർച്ചകൾ നടത്തുന്പോൾ ഇത്തരം കാര്യങ്ങൾ കൂടി പരിഗണിച്ചാൽ ബിജെപിക്ക് കൂടുതൽ സീറ്റുകൾ ലഭ്യമാകുമെന്നും സൂചിപ്പിച്ചു.
മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെയും ജില്ലയിൽ മത്സരിപ്പിക്കാൻ ധാരണയായിട്ടുണ്ട്. അന്തിമ തീരുമാനം അടുത്തയാഴ്ച തന്നെയുണ്ടാകുമെന്നാണ് കെ. സുരേന്ദ്രൻ അറിയിച്ചത്. ജില്ലയിലെ ബിജെപി സ്ഥാനാർഥികളെ സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചു.