തിരുവനന്തപുരം: തൃശൂരിൽ അയ്യപ്പന്റെ പേരിൽ വോട്ട് അഭ്യർഥിച്ച എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടേത് ചട്ടലംഘനമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇത് വ്യക്തമായി ബോധ്യപ്പെട്ടതിനാലാണ് കളക്ടർ ടി.വി.അനുപമ സ്ഥാനാർഥിക്ക് നോട്ടീസ് അയച്ചതെന്നും കളക്ടറെ ആരും തെരഞ്ഞെടുപ്പ് ചട്ടം പഠിപ്പിക്കേണ്ടെന്നും മീണ പറഞ്ഞു.
വരണാധികാരികൂടിയായ കളക്ടർക്കെതിരെ ബിജെപി നടത്തിയ വിമർശനങ്ങൾ ശരിയല്ലെന്നും ടിക്കാറാം മീണ കൂട്ടിച്ചേർത്തു. നേരത്തെ, കളക്ടറുടെ നടപടിയെ വിമർശിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. കളക്ടറുടെ നടപടി വിവരക്കേടാണെന്നുവരെ ബിജെപി നേതാക്കൾ പറഞ്ഞിരുന്നു. താൻ ചട്ടം ലംഘിച്ചിട്ടില്ലെന്നായിരുന്നു സുരേഷ്ഗോപിയുടെ വാദം. ഇഷ്ട ദൈവത്തിന്റെ പേര് പറയാനാകാത്തത് എന്ത് ജനാധിപത്യമാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.
വെള്ളിയാഴ്ച തേക്കിൻകാട് മൈതാനത്തു നടന്ന എൻഡിഎയുടെ കണ്‍വൻഷനിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസംഗം. ശബരിമലയുടെ പശ്ചാത്തലത്തിലാണ് താൻ വോട്ടിനുവേണ്ടി അപേക്ഷിക്കുന്നത്. ശബരിമല വിഷയം അയ്യപ്പഭക്തർ കേരളത്തിൽ മാത്രമല്ല ഭാരതത്തിൽ മുഴുവൻ അലയടിപ്പിച്ചിരിക്കും. പ്രചാരണ വേളകളിൽ ശബരിമല ചർച്ചയാക്കില്ലെന്നു താൻ പ്രതിജ്ഞ ചെയ്യുന്നു തുടങ്ങിയവയായിരുന്നു പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ. പ്രസംഗത്തിലെ വിവാദഭാഗം നോട്ടീസിൽ പരാമർശിച്ചിട്ടുണ്ട്.
മാതൃകാ പെരുമാറ്റച്ചട്ടമനുസരിച്ച് ജാതിയുടെയും സാമുദായിക വികാരങ്ങളുടെയും പേരിൽ വോട്ടുചോദിക്കാൻ പാടില്ല. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പുറപ്പെടുവിച്ച നിർദേശങ്ങളിൽ ശബരിമല തെരഞ്ഞെടുപ്പു വിഷയമാക്കരുതെന്ന് പരാമർശിച്ചിരുന്നു. ഈ നിർദേശങ്ങൾക്കു വിരുദ്ധമാണ് സുരേഷ് ഗോപിയുടെ വാക്കുകൾ എന്നു കാണുന്നതായി കളക്ടർ നോട്ടീസിൽ പറയുന്നുണ്ട്.