തൃശൂർ: സെൽഫിയെടുക്കാൻ തോളിൽ കൈയിട്ട വിദ്യാർഥിയുടെ കൈതട്ടിമാറ്റി തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. എളവള്ളി പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു സംഭവം.
സുരേഷ് ഗോപി എത്തിയപ്പോൾ കുട്ടികൾ കൂട്ടമായി എത്തി. ഇവരോട് ക്ഷേമാന്വേഷണം നടത്തുന്നതിനിടെയാണ് ഒരു വിദ്യാർഥി സെൽഫിയെടുക്കുന്നതിനായി ബിജെപി നേതാവിന്റെ തോളിൽ കൈവച്ചത്. ഇതിൽ ക്ഷുഭിതനായ സുരേഷ് ഗോപി വിദ്യാർഥിയുടെ കൈതട്ടിമാറ്റിയശേഷം മുന്നോട്ടുനടന്നു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നു. വിദ്യാർഥിയുടെ കൈ സുരേഷ് ഗോപി തട്ടിമാറ്റുന്നതും രൂക്ഷമായി വിദ്യാർഥിയെ നോക്കുന്നതും വീഡിയോയിൽ കാണാം.
സ്ഥാനാർഥിത്വം പ്രഖ്യാപിച്ചശേഷം ഇത് ആദ്യമായല്ല സുരേഷ് ഗോപി വിവാദത്തിൽ പെടുന്നത്. എല്ലാവരുടെയും അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ വീതം ഇടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ കുറിച്ചു പറയവെ, മോദി ഇപ്പോതന്നെ അങ്ങ് അണ്ണാക്കിലേക്ക് തള്ളി തരുമെന്നാണോ കരുതിയതെന്ന് സുരേഷ് ഗോപി ചോദിച്ചിരുന്നു.