കോഴിക്കോട്: വനിതാമാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടന് സുരേഷ്ഗോപിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ്.
ഇന്നലെ വൈകുന്നേരം മാധ്യമപ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് സംഭവം നടന്ന കോഴിക്കോട് കെപിഎം ട്രൈസെൻഡ ഹോട്ടലില്‍ എത്തി മഹസര്‍ തയാറാക്കുകയും ചെയ്തു.
നിലവില്‍ നടക്കാവ് പോലീസാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പോലീസ് മേധാവിയുമായി ഇതുവരെയുള്ള നടപടിക്രമങ്ങള്‍ സംസാരിച്ചശേഷം അറസ്റ്റ് നടപടികളിലേക്ക് കടക്കാനാണ് ആലോചന.
നിലവില്‍ സ്റ്റേഷന് ജാമ്യം ലഭിക്കാത്ത 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള പെരുമാറ്റത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. രണ്ടുവര്‍ഷമോ അതില്‍ കുടുതലോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ സുരേഷ്ഗോപിയെ അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ചകള്‍ നടക്കുകയാണ്. നടന് സിനിമാമേഖലയില്‍ നിന്നും പിന്തുണ അറിയിച്ച് നിരവധിപേര്‍ രംഗത്തെത്തി.
മാപ്പപേക്ഷിച്ച ശേഷവും വേട്ടയാടുന്നത് ശരിയല്ലെന്നും രാഷ്ട്രീയമായി വിഷയത്തെ ഉപയോഗിക്കുന്നുവെന്നുമാണ് ഒരു വിഭാഗം പറയുന്നത്.
വിഷയത്തില്‍ മാധ്യമപ്രവര്‍ത്തക നിയമനടപടികളിലേക്ക് കടന്നതോടെ തുടര്‍ പ്രതികരണങ്ങള്‍ക്ക് സുരേഷ്ഗോപിയോ അദ്ദേഹത്തോടുത്ത വൃത്തങ്ങളോ തയാറായിട്ടില്ല.
വിവാദത്തില്‍ തുടക്കത്തില്‍ പ്രതിരോധത്തിലായിരുന്ന ബിജെപി സംസ്ഥാന നേതൃത്വം നടനെ രാഷ്ട്രീയമായി വേട്ടയാടുന്നു എന്നാരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ശോഭാസുരേന്ദ്രനാണ് പരസ്യ പിന്തുണയുമായി ആദ്യം രംഗത്തെത്തിയത്. പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പിന്തുണയുമായി എത്തി. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് നടനെതിരേ വിഷയം കത്തിക്കാനുള്ള ശ്രമം നടക്കുന്നതെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം.
അതേസമയം സുരേഷ് ഗോപിക്കെതിരേ പരാതി നല്‍കിയതിന് പിന്നാലെ പരാതി ക്കാരിയെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട സംഘപരിവാർ പ്രവർത്തക ലസിത പാലയ്ക്കലിനെതിരേ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും തുടര്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.