കോഴിക്കോട്: സുരേഷ് ഗോപിയുടെ ഏക സിവില്‍കോഡ് പരാമര്‍ശത്തിനെതിരേ മുസ് ലിംലീഗ്. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണ് ബിജെപി നീക്കമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
തെരഞ്ഞെടുപ്പാണ് സുരേഷ് ഗോപിയുടെ ലക്ഷ്യം. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണു നീക്കം. എന്നാല്‍ ജനങ്ങള്‍ ബിജെപിയുടെ വലയില്‍ വീഴില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏക സിവില്‍കോഡ് കൊണ്ടുവരുമെന്നാണ് ഇന്നലെ സുരേഷ് ഗോപി പറഞ്ഞത്. കെ-റെയില്‍ വരും കെട്ടോ എന്നു പറയുന്നതു പോലെയാകില്ല. ഏക സിവില്‍ കോഡ് വന്നിരിക്കും.
പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാവില്ല. അടുത്ത തെരഞ്ഞെടുപ്പുകൂടി കഴിഞ്ഞാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുര്രേന്ദന് നയിക്കുന്ന ബിജെപി പദയാത്രയ്ക്കിടെയാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം വന്നത്.
കരിപ്പൂരില്‍ ഹാജിമാര്‍ നേരിടുന്നതു കടുത്ത വിവേചനമാണെന്ന് പി.എം.എ. സലാം പറഞ്ഞു. ഉംറ യാത്രയുടെ പേരില്‍ പരസ്യമായി കൊള്ള നടക്കുന്നു. വലിയ തുകയ്ക്കുള്ള ടെന്‍ഡര്‍ വരുമ്പോള്‍ റീടെന്‍ഡര്‍ ആണ് നടത്താറുള്ളത്.
ടെന്‍ഡറിലെ കള്ളക്കളി പുറത്തുകൊണ്ടുവരണമെന്ന് സലാം പറഞ്ഞു. ടെന്‍ഡറില്‍ കള്ളക്കളി സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമാനം കൊണ്ടുവന്ന് ഹജ് യാത്ര നടത്തൂ എന്ന അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം അംഗീകരിക്കാന്‍ ആവില്ല.
കേന്ദ്ര ഹജ് കമ്മിറ്റി കൃത്യമായി യോഗം ചേരാറില്ല. കേരള ഹജ് കമ്മിറ്റിക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തു ചെയ്തുവെന്നു വ്യക്തമാക്കണം. കേരളത്തില്‍നിന്ന് 80 ശതമാനം ഹാജിമാരെ 1,65,000 രൂപ ഈടാക്കി കൊണ്ടുപോകാനാണ് തീരുമാനം. അടിയന്തരനടപടി ഇക്കാര്യത്തില്‍ ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങും. മുസ്ലിം ലീഗ് ഇക്കാര്യത്തില്‍ സമരത്തിന്റെ മുന്നില്‍ ഉണ്ടാകുമെന്ന് സലാം പറഞ്ഞു.