കോഴിക്കോട്: സല്യൂട്ട് വിവാദത്തിലും പാലാ ബിഷപിനെ സന്ദര്‍ശിച്ചും വാര്‍ത്തകളില്‍ താരമായതോടെ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കണ്ണിലെ കരടായി സുരേഷ് ഗോപി എംപി.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ഇദ്ദേഹത്തെ പാര്‍ട്ടി കാണുന്നുവെന്ന വാര്‍ത്ത വന്നതോടെ ഇക്കാര്യത്തില്‍ വ്യക്തതയ്ക്കൊരുങ്ങുകയാണ് ബിജെപി സംസ്ഥാന ഘടകം.
സുരേഷ് ഗോപിയേക്കാള്‍ പ്രവര്‍ത്തനപാരമ്പര്യമുള്ള നേതാക്കള്‍ ബിജെപിയിലുണ്ടെന്നും സംസ്ഥാന നേതൃത്വത്തെ ഇരുട്ടിലാക്കുന്ന തീരുമാനങ്ങള്‍ പാര്‍ട്ടി എടുക്കരുതെന്നും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
തെരഞ്ഞെടുപ്പ് തോല്‍വിയോടെ നിറംകെട്ട സംസ്ഥാന നേതാക്കള്‍ക്ക് സുരേഷ് ഗോപിക്കു ലഭിക്കുന്ന കേന്ദ്രപിന്തുണ അത്ര പിടിച്ച മട്ടില്ലെന്നാണ് പാര്‍ട്ടിയില്‍നിന്നും ലഭിക്കുന്ന സൂചന.
താരത്തിനെതിരേ പാര്‍ട്ടി സംസ്ഥാനഘടകത്തില്‍ നീരസവും തുടങ്ങി. കേന്ദ്രം നേരിട്ട് ഇടപെട്ടാണ് സുരേഷ് ഗോപിയെ പാലാ ബിഷപ്പിനെ സന്ദര്‍ശിച്ചതുൾപ്പെടെയുള്ള പലകാര്യങ്ങളും എല്പ്പിക്കുന്നത്.
ഇതേ അവസ്ഥതന്നെയാണ് ഇപ്പോള്‍ ഗോവ ഗവര്‍ണറായ അഡ്വ. പി.എസ്. ശ്രീധരന് പിള്ളയുടെ കാര്യത്തിലും സംഭവിക്കാറുള്ളത്.
പാര്‍ട്ടിയില്‍ ജനസമ്മിതിയും വേറിട്ട വ്യക്തിത്വവുമുള്ള നേതാക്കളെ കേന്ദ്രം നേരിട്ട് ചുമതലയേല്‍പ്പിക്കുകയാണ്.
പലപ്പോഴും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവരെ ഇരുട്ടില്‍ നിര്‍ത്തി തീരുമാനം എടുക്കുന്നുവെന്ന വിലയിരുത്തലാണ് സംസ്ഥാന ഘടകത്തിനുള്ളത്.
പാര്‍ട്ടി ഗ്രൂപ്പ് പോര് നേരിട്ടറിയുന്നതിനാലാണ് താരപ്രഭ മുതലെടുത്ത് സുരേഷ് ഗോപിക്ക് പാര്‍ട്ടി അവസരങ്ങള്‍ കൊടുക്കുന്നത്.
നിലവില്‍ രാജ്യസഭ എംപിയായ സുരേഷ് ഗോപിയെ നാളികേര വികസന ബോര്‍ഡംഗമായി തെരഞ്ഞെടുത്തിരുന്നു.
കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിനു കീഴിലാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ഇതുള്‍പ്പെടെ കേന്ദ്രനേതൃത്വവുമായി അടുത്ത ബന്ധമാണ് ഇദ്ദേഹത്തിനുള്ളത്.
അതേസമയം, സംസ്ഥാന അധ്യക്ഷനായി ഇദ്ദേഹത്തെ നിയമിക്കുമെന്നതുള്പ്പെടെയുള്ളവാര്ത്തകള് അദ്ദേഹം പൂര്‍ണമായും നിഷേധിക്കുകയും ചെയ്യുന്നു.
ഇ. അനീഷ്