കൊച്ചി: വ്യാജരേഖകളുണ്ടാക്കി പുതുച്ചേരിയിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചെന്ന കേസിൽ സിനിമാതാരവും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നതു ഹൈക്കോടതി മൂന്നാഴ്ചത്തേക്കു തടഞ്ഞു. ഡിസംബർ 21നു രാവിലെ 10.15ന് സുരേഷ് ഗോപി ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെ ഹാജരാകണമെന്നും കൂടുതൽ ചോദ്യംചെയ്യണമെങ്കിൽ മുൻകൂർ നോട്ടീസ് നൽകി വിളിച്ചുവരുത്താമെന്നും ഹൈക്കോടതി പറഞ്ഞു. ഹർജി ജനുവരി ആദ്യവാരം പരിഗണിക്കാൻ മാറ്റി.
വ്യാജരേഖകളുപയോഗിച്ചു പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തു സംസ്ഥാന സർക്കാരിനു നികുതിയിനത്തിൽ നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ചു രജിസ്റ്റർ ചെയ്ത കേസിൽ സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്. വ്യാജരേഖയുപയോഗിച്ചാണു സുരേഷ് ഗോപി വാഹനങ്ങൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തതെന്നു പ്രോസിക്യൂഷൻ ആരോപിച്ചു.
പുതുച്ചേരിയിലെ മേൽവിലാസത്തിൽ താമസക്കാരനാണെന്നു നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സുരേഷ് ഗോപി ഹാജരാക്കിയിരുന്നെങ്കിലും ഇതിൽ നോട്ടറിയുടെ ഒപ്പ് വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരമൊരു സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയില്ലെന്നു നോട്ടറി മൊഴി നൽകിയിട്ടുണ്ട്.
പുതുച്ചേരിയിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ നൽകിയ മേൽവിലാസത്തിൽ സുരേഷ് ഗോപിയെ കണ്ടിട്ടില്ലെന്നു സെക്യൂരിറ്റി ജീവനക്കാരും അയൽക്കാരും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത തന്റെ കാറുകൾ കേരളത്തിൽ സ്ഥിരമായി ഓടുന്നില്ലെന്നും ഒരു കാർ ഡൽഹിയിലും മറ്റൊരെണ്ണം ബംഗളൂരുവിലുമാണെന്നും സുരേഷ് ഗോപിയുടെ ഹർജിയിൽ പറയുന്നു.
പുതുച്ചേരിക്കടുത്തു കൃഷിസ്ഥലമുണ്ട്. ഇവിടടുത്തു 2009 മുതൽ വാടക വീടുണ്ട്. ആ നിലയ്ക്കാണു കാറുകൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തതെന്നും ഹർജിയിൽ പറയുന്നു. എന്നാൽ, ഡൽഹിയിലുള്ള കാറിന്റെ സർവീസിംഗ് കൊച്ചി ഷോറൂമിലാണു നടത്തുന്നതെന്നും എംപി എന്ന നിലയിൽ സുരേഷ് ഗോപിയുടെ പ്രവൃത്തി ഗൗരവമുള്ളതാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.