ജോണ്സണ് വേങ്ങത്തടം
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നും മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ശബരിമല അയ്യപ്പന്റെ പേരിൽ വോട്ടു ചോദിച്ചുവെന്ന ആരോപണത്തിൽ കൂടുതൽ കുരുക്കിലേക്ക്. തൃശൂരിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചതിനാണ് ജില്ലാ വരണാധികാരിയുടെ ചുമതലയുള്ള തൃശൂർജില്ലാ കളക്ടർ ടി.വി. അനുപമ സുരേഷ് ഗോപിക്കെതിരെ നടപടിയെടുത്തത്.
വിശദീകരണം ചോദിച്ച അനുപമയ്ക്കെതിരേ വ്യാപകമായ സൈബർ ആക്രമണമാണ് നടക്കുന്നത്. വർഗീയ ആരോപണം ഉന്നയിച്ചു കൊണ്ടാണ് ബിജെപി അണികൾ വനിതാ ഉദ്യോഗസ്ഥക്കെതിരെ രംഗത്തെത്തിയത്. ഇതിനെ തുടർന്നാണ് ടി.വി. അനുപമയുടെ ഭർത്താവിന്റെ പേരും ചേർത്ത് സംഘപരിവാർ അനുകൂലികൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ വർഗീയ പ്രചരണം ആരംഭിച്ചത്. നിരവധി സംഘപരിവാർ പ്രവർത്തകരാണു ടി.വി. അനുപമയെ അനുപമ ക്ലിൻസണ്‍ ജോസഫ് എന്ന് പേര് മാറ്റി പോസ്റ്റ് ഇടുന്നത്.
അനുപമയെ പിന്തുണച്ചു കൊണ്ടു മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ടിക്കാറാം മീണ രംഗത്തുണ്ട്. ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന മീണയുടെ നിലപാടും സുരേഷ് ഗോപിക്കെതിരേയാണ്. ടിക്കറാം മീണയ്ക്കെതിരേ മണ്ടൻ പ്രയോഗം നടത്തിയ ബിജെപി നേതാവ് ടി.വി.രാജേഷും വെട്ടിലായിരിക്കുകയാണ്. ഏതായാലും ബിജെപിയെ ഇതു വിറളി പിടിപ്പിച്ചിരിക്കുകയാണ്.
അതിന്റെ ഭാഗമായിട്ടാണു സൈബർ ആക്രമണം. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയും ടിക്കറാം മീണയ്ക്കെതിരേ രംഗത്തു വന്നിരിക്കുകയാണ്. സുരേഷ്ഗോപിയെ കുറ്റക്കാരനായി ചിത്രീകരിക്കാൻ എങ്ങനെ തെരഞ്ഞെടുപ്പു കമ്മീഷണർക്കു സാധിക്കുന്നുവെന്നു അദ്ദേഹംചോദിക്കുന്നു. സുരേഷ് ഗോപി അപ്പീൽ നൽകിയാൽ കേൾക്കേണ്ട ആളാണ് ടിക്കറാം മീണയെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
അതേ സമയം, സംഭവത്തിൽ ബിജെപി ഉന്നയിക്കുന്ന വിമർശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് ടി.വി. അനുപമ പറഞ്ഞു. സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത് തന്റെ ജോലി നിർവഹണത്തിന്റെ ഭാഗം മാത്രമാണെന്നും അനുപമ പറഞ്ഞു. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിക്കുന്ന പാർട്ടികളെയും നേതാക്കളെയുമാണ് പിടികൂടുന്നതെന്ന നിലപാടുമായി തെരഞ്ഞെടുപ്പു കമ്മീഷണർ മുന്നോട്ടു പോകുകയാണ്.
അതേ സമയം, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയിൽ സുരേഷ് ഗോപി ഇന്ന് വിശദീകരണം നൽകും. പെരുമാറ്റ ചട്ടം ലംഘിച്ചിട്ടില്ലെന്ന നിലപാട് സുരേഷ് ഗോപി ആവർത്തിക്കാനാണ് സാധ്യത. അഭിഭാഷകരുമായി കഴിഞ്ഞ ദിവസം പാർട്ടി കൂടിയാലോചനകൾ നടത്തിയിരുന്നു. 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകാനാണ് വരണാധികാരിയായ തൃശൂർ ജില്ലാ കളക്ടർ ടി വി അനുപമ നൽകിയ നോട്ടീസിൽ പറഞ്ഞിരുന്നത്.
സമയ പരിധി ഇന്ന് രാത്രിയോടെ അവസാനിക്കും. ഈ സമയത്തിനുള്ളിൽ നൽകിയ വിശദീകരണം തൃപ്തികരമാണോ എന്ന് നോക്കിയാകും വരണാധികാരി കൂടിയായ ജില്ലാ കളക്ടർ മറ്റ് നടപടികളിലേക്ക് കടക്കുക. ശബരിമലയുടെ പേരിൽ വോട്ട് ചോദിക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദ്ദേശം സുരേഷ് ഗോപി ലംഘിച്ചുവെന്നാണ് നോട്ടീസിൽ പറഞ്ഞിരുന്നത്.
വെള്ളിയാഴ്ച വൈകിട്ടാണ് തേക്കിൻകാട് മൈതാനിയിൽ നടന്ന എൻഡിഎയുടെ ആദ്യ തെരഞ്ഞെടുപ്പ് കണ്‍വെൻഷനിൽ സുരേഷ് ഗോപി അയ്യപ്പനാമത്തിൽ വോട്ട് ചോദിച്ചത്. ഇതു ചൂണ്ടിക്കാട്ടിയാണ് ജില്ലാ കളക്ടർ ടി.വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസയച്ചത്.