സ്വന്തം ലേഖകൻ
തൃശൂർ: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃശൂർ നിയോജകമണ്ഡലത്തിലേക്കു പ്രചാരണത്തിനായി ബിജെപി സ്ഥാനാർത്ഥി സുരേഷ്ഗോപി കൂടി എത്തിയതോടെ ശക്തന്റെ തട്ടകത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ അങ്കത്തട്ടുണർന്നു.
യുഡിഎഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാലും എൽഡിഎഫിന്റെ പി. ബാലചന്ദ്രനും നേരത്തേതന്നെ പ്രചാരണം സജീവമാക്കിയിരുന്നുവെങ്കിലും സ്ഥാനാർഥി നിർണയം വൈകിയതും അസുഖവുമെല്ലാം സുരേഷ്ഗോപിയുടെ എൻട്രി വൈകിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പു സമയത്തും സുരേഷ്ഗോപി എത്തിയതു വൈകിയായിരുന്നു.
എന്നാൽ പ്രചാരണത്തിൽ വളരെ പെട്ടന്നുതന്നെ സ്കോർ ചെയ്ത സുരേഷ് ഗോ പി ഇത്തവണയും ആരാധകരെ കൈയിലെടുക്കാനാണ് എത്തിയിരിക്കുന്നത്.
പത്മജ വേണുഗോപാലും ബാലചന്ദ്രനും തങ്ങളുടെ പര്യടനവുമായി മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച തൃശൂരിലെത്തുന്നതോടെ ബാലചന്ദ്രന്റെ പ്രചാരണത്തിന് ആവേശം വർധിക്കും.
കോണ്ഗ്രസ് നേതാക്കൾ എത്തിത്തുടങ്ങുന്നതേയുള്ളു.ബിജെപിയുടെ സംസ്ഥാന ദേശീയ നേതാക്കൾ പലരും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തൃശൂരിൽ വന്നുപോകുന്നുണ്ട്.
ദേശീയ വക്താവ് ഗോപാലകൃഷ്ണ അഗർവാളാണ് ഏറ്റവുമൊടുവിലെത്തിയത്.വരും ദിവസങ്ങളിൽ മൂന്നു മുന്നണികളിലേയും കേന്ദ്ര-സംസ്ഥാന നേതാക്കൾ തൃശൂരിൽ സ്ഥാനാർഥികളുടെ പ്രചാരണത്തിനെത്തും.
നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയാകുന്നതോടെ പ്രചാരണം അടുത്ത ഘട്ടത്തിലേക്കു കടക്കും.
സോഷ്യൽമീഡിയ വഴിയുള്ള പ്രചാരണവും ഉഷാറാണ്. ചുമരെഴുത്തും പോസ്റ്ററുമെല്ലാം പതിവുപോലെ തന്നെ നടക്കുന്നു.
ജില്ലയിൽ പല മണ്ഡലങ്ങളിലും റോഡ് ഷോ അടക്കമുള്ള പ്രചാരണങ്ങളും ആരംഭിച്ചിട്ടുണ്ട്.സംസ്ഥാന തലത്തിൽ ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത സീറ്റുകൾ സംബന്ധിച്ച പ്രശ്നങ്ങളൊന്നും തൃശൂരിൽ പ്രചാരണത്തെ ബാധിച്ചിട്ടില്ല.
ശക്തന്റെ തട്ടകമെന്നു വിശേഷിപ്പിക്കുന്ന തൃശൂരിൽ വസന്തകാലത്തിന്റെ തുടർച്ചയെന്ന ടാഗ് ലൈനോടെയാണു പി. ബാലചന്ദ്രൻ വി.എസ്. സുനിൽകുമാറിന്റെ പിൻഗാമിയായി മത്സരിക്കുന്നത്.
തൃശൂരിന്റെ കൂടെയുണ്ട് പത്മജ എന്നാണ് പത്മജ വേണുഗോപാലിന്റെ പ്രചരണ ടാഗ് ലൈൻ.തൃശൂരിനെ എടുക്കുമെന്ന ലോക് സഭ തെരഞ്ഞെടുപ്പു സമയത്തപ്പോലെ ഒരു പഞ്ച് ഡയലോഗ് സുരേഷ്ഗോപി ഇത്തവണയും പറയുമെന്നാണ് ആരാധകരും അണികളും പ്രതീക്ഷിക്കുന്നത്.
മാസ് ഡയലോഗുമായി ആക്ഷൻ ഹീറോയുടെ എൻട്രി
അയ്യന്തോൾ: മാസ് ഡയലോഗുമായി തൃശൂരിലേക്ക് ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ എൻട്രി. അനന്തപത്മനാഭന്റെ മണ്ണിൽ നിന്ന് വടക്കുംനാഥന്റെ മണ്ണിലേക്ക് ഹെലികോപ്റ്ററിൽ പറന്നിറങ്ങിയ സുരേഷ് ഗോപി ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയായി തീരുമാനിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോൾ “അസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപ്പുറം ഇറങ്ങിയിട്ടുണ്ട്’ എന്നായിരുന്നു മറുപടി.
രാഷട്രീയക്കാരുടെ കൈകളിൽ നിന്നു വിശ്വാസികളുടെ കൈകളിലേക്ക് ക്ഷേത്രഭരണം എത്തിക്കുകയാണ് ലക്ഷ്യമെന്നും പത്രിക നൽ കിയശേഷം സുരേഷ് ഗോപി പ്രതികരിച്ചു.
ആശുപത്രിവാസം കഴിഞ്ഞ് വന്നതിന്റെ ക്ഷീണം താരത്തിന് മുഖത്ത് പ്രകടമായിരുന്നു. അതുകൊണ്ടുതന്നെ ആൾക്കൂട്ടങ്ങളെ പരമാവധി ഒഴിവാക്കാൻ സുരേഷ് ഗോപി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
സുരേഷ്ഗോപിയെ കാണാൻ നിരവധി പേരാണ് പുഴക്കലിലും അയ്യന്തോളിലും തടിച്ചുകൂടിയത്.
പത്രിക സമർപ്പിക്കാൻ സുരേഷ് ഗോപിക്കൊപ്പം നടൻ ദേവനും ഉണ്ടായിരുന്നു. ആർഡിഒ എൻ.കെ. കൃപ മുന്പാകെയാണ് സുരേഷ് ഗോപി നാമനിർദേശ പത്രിക സമർപ്പിച്ചത്.
ഭാര്യ രാധികയും ഒപ്പമെത്തിയിരുന്നു. പത്രിക കൊടുത്ത ശേഷം തിരുവനന്തപുരത്തേക്ക് തിരിച്ചുപോയി. 27 ന് വീണ്ടും തൃശൂരിൽ എത്തും. അതിനുശേഷം പ്രചാരണം ഉൗർജിതമാക്കും.