തൃശൂര്‍: ട്രാന്‍സ്ജെന്‍ഡേഴ്സിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി സുരേഷ്ഗോപി 12 ലക്ഷം നല്കി. നെട്ടിശേരിയിലെ വീട്ടില്‍ നടന്ന ചടങ്ങിൽ ധനസഹായം കൈമാറി. കഴിഞ്ഞ നവംബറിലെ കേരളപ്പിറവിദിനത്തില്‍ താരസംഘടനയായ ‘അമ്മ’-യുടെ ഓഡിറ്റോറിയത്തില്‍ പ്രതീക്ഷ ഫൗണ്ടേഷന് സംഘടിപ്പിച്ച ചടങ്ങില്‍ പത്ത് ട്രാന്‍സ്ജെന്‍ഡേഴ്സിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ധനസഹായം നല്‍കാമെന്ന് സുരേഷ്ഗോപി വാക്ക് നൽകിയിരുന്നു.
അദ്രിജ, റെന, അഭിരാമി, വീനസ് പോള്‍, പ്രീതി, ശ്രാവന്തിക, മിഖ, ടീന എല്‍സ, ഗോപിക, അനീഷ എന്നീ പത്ത് പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. ഇടപ്പള്ളി അമൃത ആശുപത്രിയിലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്.
1,20,000 രൂപയാണ് ഒരാളുടെ ശസ്ത്രക്രിയയ്ക്ക് വേണ്ടുന്ന ചെലവ്. പിന്നീട് സര്‍ക്കാരില്‍നിന്ന് ശസ്ത്രക്രിയയ്ക്കുള്ള പണം തിരിച്ചുകിട്ടും. ചിലപ്പോള്‍ പണം തിരിച്ചുകിട്ടുന്നതിന് ഒരു വര്‍ഷമെങ്കിലും കാലതാമസം എടുക്കും. പണം തിരിച്ചുകിട്ടുന്നതു പ്രകാരം അടുത്ത പത്തുപേര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താം. പണം തനിക്ക് തിരിച്ചു തരേണ്ടതില്ലന്ന് സുരേഷ്ഗോപി നേരത്തെ പറഞ്ഞിരുന്നു.