ന്യൂഡൽഹി: ആദിവാസി വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്ന വിവാദ പ്രസ്താവന ഇഷ്ടപ്പെട്ടില്ലെങ്കിൽ പിൻവലിക്കുന്നു എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
നല്ല ഉദ്ദേശ്യത്തോടെ രാവിലെ പറഞ്ഞ തന്റെ പരാമർശം വളച്ചൊടിച്ചു. വാക്കുകൾ വന്നത് ഹൃദയത്തിൽ നിന്നാണ്. മുഴുവൻ ഭാഗവും കൊടുത്തതുമില്ല. തന്റെ പാർട്ടിയാണ് ഗോത്രവിഭാഗത്തിൽ നിന്നൊരാളെ രാഷ്ട്രപതിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. താൻ പറഞ്ഞ കാര്യം വളച്ചൊടിക്കുകയായിരുന്നു. വേര്‍തിരിവ് മാറ്റണം എന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഉന്നത കുലജാതര്‍ ആദിവാസി വകുപ്പിന്റെ ചുമതലയില്‍ വന്നാല്‍ ആദിവാസി മേഖലയില്‍ പുരോഗതിയുണ്ടാകും. ഗോത്ര വിഭാഗങ്ങളുടെ കാര്യം ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെ എന്ന സുരേഷ് ഗോപിയുടെ പരാമർശമാണ് വിവാദമായത്. ഡൽഹി മയൂർവിഹാറിൽ ബിജെപി കേരള ഘടകം സംഘടിപ്പിച്ച തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിക്കുന്പോഴായിരുന്നു പരാമർശം.