തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞതോടെ തൃശൂർ പോരാട്ടച്ചൂടിലേക്ക്. എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ നിറഞ്ഞുനിൽക്കുന്ന തൃശൂരിൽ ഇന്നു വൈകിട്ട് അഞ്ചിന് റോഡ്ഷോയോടെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയും സജീവമാകും. തശൂർ നഗരത്തിലാണ് റോഡ് ഷോ.
ബിജെപി ഏറ്റവുംകൂടുതൽ പ്രതീക്ഷയർപ്പിക്കുന്ന തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ രണ്ടാംവട്ടമാണു സുരേഷ് ഗോപി ഇറങ്ങുന്നത്. 2021 നിയമസഭാ തെരഞ്ഞെടുപ്പിലും തൃശൂരിൽ സ്ഥാനാർഥിയായിരുന്നു. എൽഡിഎഫ് സ്ഥാനാർഥിയായി വി.എസ്. സുനിൽകുമാറും യുഡിഎഫിന്റെ സ്ഥാനാർഥിയായി ടി.എൻ. പ്രതാപനും പ്രചാരണത്തിൽ ഏറെ മുന്നിലാണ്.
വി.എസ്. സുനിൽ കുമാർ മണ്ഡലത്തിലെ പ്രധാനപ്പെട്ടയിടങ്ങളില്ലെല്ലാം റോഡ് ഷോകൾ പൂർത്തിയാക്കി. പ്രമുഖരുടെ പിന്തുണ തേടി വീടുകളിലെത്തിയും അവർക്കൊപ്പം ഭക്ഷണം കഴിച്ചും സജീവമാണ്. സിപിഐ ഏറ്റവുംകൂടുതൽ പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലംകൂടിയാണു തൃശൂർ. ടി.എൻ. പ്രതാപൻ വിവിധ മണ്ഡലങ്ങളിൽ സ്നേഹസന്ദേശ യാത്ര നടത്തി.
ഔദ്യോഗിക പ്രഖ്യാപനം വൈകിയതു സുരേഷ് ഗോപിയുടെ പ്രചാരണത്തെ ബാധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ റോഡ് ഷോ നടത്തിയതും പിന്നീടു ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതും വൻ മുൻതൂക്കം നൽകിരുന്നു. എന്നാൽ, പ്രഖ്യാപനം വൈകിയതോടെ ചുവരെഴുത്തുകൾപോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇടയ്ക്കു സിനിമാ തിരക്കുകളിലുംപെട്ടു. ഇന്നു നടക്കുന്ന റോഡ് ഷോയോടെ ഒൗദ്യോഗിക പ്രചാരണത്തിനു തുടക്കമാകും.