തൃശൂർ: അണികളോട് ക്ഷോഭിച്ചതില്‍ വിശദീകരണവുമായി സുരേഷ് ഗോപി. ആദിവാസി ഊരിലെ ജനങ്ങളുടെ വോട്ട് ചേര്‍ക്കാത്തതിലാണ് താൻ പ്രവര്‍ത്തകരോട് ക്ഷുഭിതനായതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. പ്രവര്‍ത്തകരെ ശാസിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും അതിനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസമാണ് ശാസ്താംപൂവം ആദിവാസി കോളനിയിലെ സന്ദർശനത്തിന് ആളു കുറഞ്ഞതിൽ പ്രവർത്തകരോട് സുരേഷ് ഗോപി കയർത്ത് സംസാരിച്ചത്. പ്രചാരണത്തിന് എത്തിയ സ്ഥലത്ത് ആളു കുറഞ്ഞതും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാഞ്ഞതുമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇങ്ങനെ ആണെങ്കിൽ മത്സരത്തിനില്ലെന്നും തിരുവനന്തപുരത്തേക്ക് മടങ്ങുമെന്നും നേതാക്കളോടും പ്രവര്‍ത്തകരോടും സുരേഷ് ഗോപി ഭീഷണി മുഴക്കി. സംഭവം വൈറലായതോടെ പ്രതികരണം അറിയിക്കുകയായിരുന്നു അദ്ദേഹം.
‘നാളെ ജയിച്ചുകഴിഞ്ഞാലും അണികളാണ് ജനങ്ങള്‍ക്കിടയിൽ ഇറങ്ങിച്ചെന്ന് ഓരോ പ്രശ്നങ്ങൾ എന്നെ അറിയിക്കേണ്ടത്. ഇതുപോലെ ഇനിയും ആവര്‍ത്തിച്ചാല്‍ ഇനിയും വഴക്ക് പറയും. അതിന്റെ ചെറിയൊരു സൂചനയാണ് അവർക്ക് നൽകിയത്. പ്രവർത്തകർ അവർക്ക് ചെയ്യാനുള്ള ജോലി ചെയ്യണം.അല്ലെങ്കിൽ എനിക്കെന്റെ ജോലി ചെയ്യാൻ സാധിക്കില്ല. അവരെ തലോടാനും വഴക്കുപറയാനുമുള്ള അവകാശം എനിക്കുണ്ട്. വോട്ടുകൾ ചേർത്തിട്ടില്ലെന്ന് ആദിവാസികൾ എന്റെ മുന്നിൽ വന്നാണ് പറഞ്ഞത്. അപ്പോൾ എന്റെ അണികളെ ഞാൻ വഴക്ക് പറയും. അതിനുള്ള അവകാശം എനിക്കുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.