പന്തളം: നഗരസഭയിലെ ചെറുമല കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനത്തിന് സുരേഷ് ഗോപി എത്തിയതും മടങ്ങിയതും അധികമാരും അറിഞ്ഞില്ല.
ടാപ്പ് തുറന്ന് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് വേദിയിലേക്ക് കയറാതെ താരം മടങ്ങിയത് ആരാധകരെ നിരാശപ്പെടുത്തി.
പന്തളം നരസഭയുടെ 33-ാം വാര്‍ഡിലെ ചെറുമല പ്രദേശത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമം, പ്രദേശവാസിയുടെ ഫേസ്ബുക്ക് ലൈവിലൂടെയാണ് സുരേഷ് ഗോപി എംപിയായിരുന്ന കാലയളവില്‍ ശ്രദ്ധയില്‍ പെടുന്നത്.
തുടര്‍ന്ന് അദ്ദേഹത്തിന്റെ നിരന്തരമായ ഇടപെടലിലൂടെ കുടിവെള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചെങ്കിലും പല കാരണങ്ങളാല്‍ മുടങ്ങി. എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്മാറാന് അദ്ദേഹം തയാറായില്ല.
തന്റെ എംപി ഫണ്ടില്‍ നിന്നും 8,40,000രൂപ അനുവദിച്ച് പദ്ധതി പൂര്‍ത്തിയാക്കി. പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഇന്നലെ സ്ഥലത്ത് എത്തിയ സുരേഷ് ഗോപിയെ താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ നഗരസഭാ ചെയര്‍പേഴ്സണ്‍ സുശീലാ സന്തോഷിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
തുടര്‍ന്ന് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ഉന്നത വിജയം നേടിയ വിദ്യാര്ഥിികള്ക്ക് അദ്ദേഹം സമ്മാനങ്ങളും വിതരണം ചെയ്തു.
ഇതിനു ശേഷം കുടിവെള്ള പദ്ധതിയുടെ ടാപ്പ് തുറന്നും ശിലാഫലകം അനാച്ഛാദനം ചെയ്തും ഉദ്ഘാടനം നിര്‍വഹിച്ച ശേഷം, വേദിയില്‍ കയറുകയോ നിലവിളക്ക് കൊളുത്തുകയോ ചെയ്യാതെ അദേഹം മടങ്ങി.
പിന്നീട് നഗരസഭാ ചെയര്‍പേഴ്സണ്‍ സുശീലാ സന്തോഷിന്റെ അധ്യക്ഷതയില്‍ നടന്ന സാംസ്കാരിക പരിപാടിയില്‍ ഫേസ് ബുക്ക് ലൈവ് നടത്തിയ ദശമി സുന്ദറാണ് നിലവിളക്ക് തെളിയിച്ചത്.