തൃശൂർ: വൃത്തിഹീനമായി കിടക്കുന്ന തൃശൂർ മത്സ്യ-മാംസ മാർക്കറ്റ് ഉന്നത നിലവാരത്തിൽ നിർമാണം നടത്തുന്നതിന് ഒരു കോടി രൂപയുടെ വാഗ്ദാനം ഇനി ചീഞ്ഞുനാറും.
കാരണം മറ്റൊന്നുമല്ല, സുരേഷ് ഗോപിയാണ് ഈ തുക വാഗ്ദാനം ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാർക്കറ്റിൽ വോട്ടു ചോദിക്കാൻ വന്നപ്പോഴാണ് ഇവിടത്തെ മലീമസമായ മാർക്കറ്റിനെ ഉന്നതനിലവാരത്തിലാക്കാൻ ഒരു കോടി രൂപ രാജ്യസഭ എംപി എന്ന നിലയിൽ ഫണ്ടിൽ നിന്ന് നൽകാമെന്ന് വാഗ്ദാനം ചെയ്തത്.
മത്സരത്തിൽ തോറ്റെങ്കിലും താൻ പറഞ്ഞ വാഗ്ദാനം നിറവേറ്റുമെന്ന് മേയറെ അറിയിക്കുകയും ചെയ്തു.
മേയർ തുടക്കത്തിൽ സഹകരിക്കാമെന്ന് വാഗ്ദാനവും നൽകി. പിന്നീടാണ് വീണ്ടും മത്സരത്തിനെത്തിയാൽ ഇതൊക്കെ തന്റെ നേട്ടമായി കണക്കാക്കുമെന്ന ഭയമുള്ളതിനാൽ തൽക്കാലം പദ്ധതി മരവിപ്പിക്കാൻ മേയർക്ക് സിപിഎം പാർട്ടി നേതൃത്വം നിർദേശം കൊടുത്തത്.
ഇപ്പോൾ സുരേഷ്ഗോപി സ്ഥാനാർഥിത്വം പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ മത്സ്യ മാർക്കറ്റിലെ ഒരു കോടി വാഗ്ദാനം ചെയ്തത് നടപ്പാക്കില്ലെന്നു വ്യക്തമായി.
മത്സ്യ മാംസവുമൊക്കെ തൂക്കിയിട്ട് വൃത്തിഹീനമായ രീതിയിൽ വിൽപന നടത്തുന്നത് ഒഴിവാക്കാനാണ് നല്ല രീതിയിൽ കടകൾ നിർമിച്ച് ആധുനിക മാർക്കറ്റാക്കി മാറ്റാൻ കോർപറേഷനോട് പദ്ധതി തയാറാക്കാൻ സുരേഷ് ഗോപി നിർദേശിച്ചത്.
പണം തികഞ്ഞില്ലെങ്കിൽ അതിന് വഴിയുണ്ടാക്കാമെന്നും വർഷങ്ങൾക്കു മുന്‍പ് പറഞ്ഞിരുന്നു. എല്ലാം ശരിയാക്കാമെന്ന് മേയറും പറഞ്ഞു.
മേയറും സുരേഷ്ഗോപിയും കൂടിക്കാഴ്ചയും നടത്തിയിരുന്നു. പക്ഷേ മുന്നിലുള്ള അപകടം മണത്തതോടെ എല്ലാവരും പിൻവലിയുകയായിരുന്നു.
എന്നാൽ, ഈ വാഗ്ദാനം നടപ്പിലാക്കണമെന്ന് പറഞ്ഞ് കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ ബഹളമുണ്ടാക്കാൻ ബിജെപി കൗണ്‍സിലർമാരും തയാറായിട്ടില്ലെന്നതാണു വിരോധാഭാസം.
സംസ്ഥാന നേതൃത്വത്തെ പോലും വിലകൽപ്പിക്കാത്ത സുരേഷ്ഗോപി കൗണ്‍സിലർമാരെ ഈ വിഷയത്തിൽ ബന്ധപ്പെടാനോ ചർച്ചകൾ നടത്താനോ തയാറായിട്ടില്ലത്രേ.
ഇതാണ് കൗണ്‍സിൽ യോഗങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താനോ ആവശ്യമുന്നയിക്കാനോ ബിജെപി കൗണ്‍സിലർമാർ തയാറാകാത്തതെന്നാണു പരസ്യമായ രഹസ്യം.