കൊച്ചി: സിനിമ സമരം പ്രഖ്യാപിച്ച ജി.സുരേഷ് കുമാറിനെതിരെ നിര്മാതാവ് ആന്റണി പെരുമ്പാവൂര് രംഗത്തെത്തിയതോടെ മലയാള സിനിമയില് പോര് മുറുകുന്നു. സുരേഷ്കുമാറിന് പിന്തുണയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് രംഗത്തെത്തി.
പ്രസിഡന്റായ ആന്റോ ജോസഫിന്റെ അഭാവത്തില് വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാര് യോഗ തീരുമാനം മാധ്യമങ്ങളിലൂടെ അറിയിക്കുക മാത്രമാണ് ചെയ്തത്. എന്നാല് ക്ഷണിച്ചിട്ടും യോഗത്തില് പങ്കെടുക്കാത്ത ആന്ണി പെരുമ്പാവൂര് സുരേഷ് കുമാറിനെ സമൂഹമാധ്യമങ്ങളിലൂടെ ചോദ്യം ചെയ്ത നടപടി തെറ്റാണ്. സംഘടനക്കെതിരെയും വ്യക്തിപരമായും നടത്തുന്ന എത് നീക്കത്തെയും ചെറുക്കുമെന്നും നിര്മാതാക്കളുടെ സംഘടന വാര്ത്താക്കുറിപ്പിറക്കി.
സിനിമ സമരം അടക്കം രണ്ട് ദിവസം മുന്പ് വാര്ത്ത സമ്മേളനത്തില് പറഞ്ഞ കാര്യങ്ങള് സുരേഷ് കുമാര് ഒറ്റയ്ക്ക് എടുത്ത തീരുമാനം അല്ലെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പറയുന്നത്. രൂക്ഷ വിമര്ശനത്തിനു പിന്നാലെ ആന്റണി പെരുമ്പാവൂരിനെ നേരില് കാണാനും നീക്കം നടക്കുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം, സിനിമയിലെ തര്ക്കത്തില് മൗനം പാലിക്കുകയാണ് സര്ക്കാര്. എല്ലാം സംഘടനകള്ക്കുള്ളില് തന്നെ തീര്ക്കണമെന്ന് സാംസ്കാരിക മന്ത്രി പറഞ്ഞു.
വ്യാഴാഴ്ച ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി നടന് പൃഥ്വിരാജ് എത്തിയിരുന്നു. “എല്ലാം ഓകെ അല്ലേ അണ്ണാ’ എന്ന കുറിപ്പോടെയാണ് ആന്റണി ഫേസ്ബുക്കില് ഇട്ട പോസ്റ്റ് പൃഥ്വി ഷെയര് ചെയ്തത്. അജു വർഗീസ്, ബേസിൽ ജോസഫ്, അപർണ ബാലമുരളി തുടങ്ങിയവരും ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി രംഗത്തെത്തി.
നിര്മാതാക്കളുടെ സംഘടനയില് സുരേഷ് കുമാറിന്റെ അഭിപ്രായത്തോട് ഭിന്നതയുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒപ്പം എമ്പുരാന്റെ ബജറ്റ് 141 കോടിയെന്ന് സുരേഷ് കുമാര് പറഞ്ഞതിനെയും ആന്റണി വിമര്ശിച്ചിരുന്നു.
വ്യക്തി എന്ന നിലയ്ക്ക്, ജനാധിപത്യ ഇന്ത്യയില് സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും ഒരു സംഘടനയെ പ്രതിനിധീകരിക്കുമ്പോള്, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയില് അവതരിപ്പിക്കേണ്ടതെന്നെന്നും ആന്റണി പെരുമ്പാവൂര് ഫേസ്ബുക്കില് പങ്കുവെച്ച കുറിപ്പില് പറഞ്ഞു.
കഴിഞ്ഞ ദിവസം നിര്മാതാവ് ആന്റണി പെരുമ്പാവൂര് ഉയര്ത്തിയ വിമര്ശനത്തിന് നിര്മാതാവ് സുരേഷ്കുമാര് രൂക്ഷമായി പ്രതികരിച്ചു. സമരം തീരുമാനിച്ചത് ഒറ്റക്കല്ലെന്നും സംഘടനകള് കൂട്ടമായി തീരുമാനിച്ചതാണെന്നും സുരേഷ് കുമാര് പറഞ്ഞു. ആന്റണി യോഗങ്ങളില് വരാറില്ല. ഇതുമായി ബന്ധപ്പെട്ട മിനിട്സ് പരിശോധിക്കാമെന്നും സുരേഷ് കുമാര് പ്രതികരിച്ചു.
സുരേഷ് കുമാറിനെ പിന്തുണച്ച് നിര്മാതാക്കളുടെ സംഘടന; ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി കൂടുതല് താരങ്ങള്
![](https://www.rashtradeepika.com/library/uploads/2025/02/suresh-kumar.jpg)