കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് ആരോപണം നേരിടുകയും കേസ് കോടതിയില്‍ പുരോഗമിക്കുകയും ദിലീപിനെതിരെ ഗുരുതര വിവാദങ്ങള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ദിലീപിന് പിന്തുണയുമായി പ്രമുഖ നിര്‍മാതാവ് ജി സുരേഷ് കുമാര്‍ രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് പങ്കില്ലെന്ന് താന്‍ നൂറു ശതമാനം വിശ്വസിക്കുന്നുവെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സുരേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ..
ദിലീപിനെ കൊണ്ട് അങ്ങിനെയൊരു കാര്യം ചെയ്യാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ദിലീപിനെ കുടുക്കിയതിന്റെ പിന്നില്‍ എന്തെങ്കിലും ലക്ഷ്യം കാണും, അല്ലെങ്കില്‍ ആരെങ്കിലും കാണും. അത് ഞാന്‍ പറയാന്‍ പാടില്ല. സിനിമാ രംഗത്തുള്ള ആളുകളാകാം ചിലപ്പോള്‍, അല്ലെങ്കില്‍ പുറത്തുനിന്നുള്ളവരും ചേര്‍ന്നാകാം, സുരേഷ് കുമാര്‍ പറഞ്ഞു.
എന്റെ ചിത്രത്തില്‍ കൂടിയാണ് ദിലീപ് ആദ്യമായി അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ എത്തുന്നത്. അന്നുമുതല്‍ എനിക്കറിയാവുന്ന പയ്യനാണ്. അയാള്‍ ഒരിക്കലും ഇങ്ങനെ മോശപ്പെട്ടൊരു കാര്യത്തിനു പോകുമെന്ന് വിശ്വസിക്കുന്നില്ല. പുള്ളിതന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങിനെ ഒരാള്‍ ഇത്തരത്തില്‍ ഒരു കാര്യം ചെയ്യില്ല. സുരേഷ് കുമാര്‍ വ്യക്തമാക്കി.