ന്യൂഡൽഹി: തിഹാർ ജയിലിൽ കഴിയുന്ന അധോലോക കുറ്റവാളി ഛോട്ടാ രാജനെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) പ്രവേശിപ്പിച്ചു.
ഇഎൻടിയുമായി ബന്ധപ്പെട്ട ചികിത്സയ്ക്കാണ് എയിംസിലെത്തിച്ചതെന്നും ശസ്ത്രക്രിയ നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ഇഎൻടി വിഭാഗത്തിനു കീഴിലുള്ള വാർഡിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. എയിംസിൽ പോലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
ഹോട്ടലുടമ ജയാ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച രാജന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും മറ്റു കേസുകളിലെ ശിക്ഷ അനുഭവിക്കുന്നതിനാൽ ജയിലിൽനിന്നു പുറത്തിറങ്ങാനായിരുന്നില്ല.
2015ൽ ഇന്തൊനീഷ്യയിൽനിന്നു പിടികൂടി ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്ത ഛോട്ടാ രാജന്റെ കേസുകളുടെ അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു. മുൻപ് കോടതിയിലെത്തിയ മിക്ക കേസുകളിലും ഇയാൾ കുറ്റവിമുക്തനാക്കപ്പെടുകയോ ജാമ്യം അനുവദിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.